വാഷിംഗ്ടൺ: ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾക്കെതിരെ ട്രംപ് ഏർപ്പെടുത്തിയ തിരിച്ചടി തീരുവയിൽ അമേരിക്കൻ കോടതിയിൽ നിന്ന് തന്നെ ട്രംപിന് പ്രഹരം. ഇതോടെ തിരിച്ചടിയിൽ തീരുവയിൽ ട്രംപിന് നഷ്ടമുണ്ടായോ എന്ന ചോദ്യം അന്താരാഷ്ട്ര തലത്തിൽ സജീവ ചർച്ചയായി കഴിഞ്ഞു.
ഇന്ത്യയ്ക്കെതിരെ ഏർപ്പെടുത്തിയ 50 ശതമാനം അധിക തീരുമാനം ഉൾപ്പെടെയുള്ള തീരുവയിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരേ കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തിരിച്ചടി തീരുവ ട്രംപിനു തന്നെ തിരിച്ചടിയായി മാറുമോ എന്ന ചർച്ച സജിവമായത്.
ലോകത്തിലെ വിവിധ രാജ്യങ്ങൾക്ക് നേരെ ചുമത്തിയ ചുങ്കത്തിൽ പലതും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതിയുടെ വിധി. താരിഫ് നയങ്ങള്‍ നിയമ വിരുദ്ധമാണെന്നും അവ അസാധുവാണെന്നുമാണ് ഫെഡറല്‍ കോടതിയുടെ നിലപാട്. എന്നാല്‍ കേസ് പരിഗണിക്കാന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടാന്‍ ഭരണകൂടത്തിന് സമയം നല്‍കുന്നതിനാല്‍ ഒക്ടോബര്‍ 14 വരെ വിധി പ്രാബല്യത്തില്‍ വരില്ല.
അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകള്‍ നടപ്പാക്കുമെന്ന ട്രംപിന്റെ തീരുമാനമാണ് യുഎസ് ഫെഡറല്‍ സര്‍ക്യൂട്ട് കോടതി 7 -4 ഭൂരിപക്ഷ വിധിയിലൂടെ തള്ളിയത്. യുഎസ് ദേശീയ സുരക്ഷയ്ക്ക് വ്യാപാര അസന്തുലിതാവസ്ഥ ഹാനികരമാണെന്ന വാദം ഉയര്‍ത്തി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു താരിഫ് നടപ്പാക്കിയത്.
എന്നാല്‍ താരിഫ് സംബന്ധിച്ച തീരുമാനം പ്രസിഡന്റിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ലെവികള്‍ നിശ്ചയിക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസിനാണ് അധികാരമെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ട്രംപ് സര്‍ക്കാരിന്റെ വിദേശനയ അജണ്ടയെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള കോടതി വിധി വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രംപിന്റെ പകരച്ചുങ്ക നിലപാടുകളെയും ചൈന, മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫിനെയും നേരിട്ട് ബാധിക്കുന്നതാണ് ഇപ്പോഴത്തെ വിധിയെന്നാണ് വിലയിരുത്തല്‍.
Trump’s retaliatory tariffs: Court ruling
 













