ന്യൂഡൽഹി: ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരുന്ന യുഎസ് താരിഫ് ഏകദേശം 48.2 ബില്യൺ ഡോളർ വരുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ. ട്രംപിന്റെ താരിഫുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വാണിജ്യ വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024-ലെ വ്യാപാര മൂല്യത്തെ അടിസ്ഥാനമാക്കി ഏകദേശം 48.2 ബില്യൺ ഡോളറിൻ്റെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കാണ് ഈ അധിക താരിഫ് ബാധകമാവുകയെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ നിന്ന് വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് 25%വും റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിന് 25%വും ഉൾപ്പെടെ മൊത്തം 50% തീരുവയാണ് ട്രംപ് ഭരണകൂടം ചുമത്തിയിട്ടുള്ളത്. നിലവിൽ, 2025 ഓഗസ്റ്റ് 7 മുതൽ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ചില ഉൽപ്പന്നങ്ങൾക്ക് 25% റെസിപ്രോക്കൽ താരിഫ് ഇന്ത്യ ചുമത്തിയിട്ടുണ്ട്. കൂടാതെ, 2025 ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ ചില ഉൽപ്പന്നങ്ങൾക്ക് 25% അധിക ഡ്യൂട്ടിയും ചുമത്തിയിട്ടുണ്ടെന്ന് പ്രസാദ വിശദീകരിച്ചു.
യുഎസ് താരിഫുകൾക്കെതിരെ രാജ്യതാൽപര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ പ്രതിസന്ധി നേരിടാൻ, കയറ്റുമതിക്കാർക്കും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (MSMEs) ആശ്വാസം നൽകുന്നതിന് പ്രത്യേക മേഖലകൾക്ക് ഊന്നൽ നൽകുന്ന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്. ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, കയറ്റുമതിക്ക് ഉത്തേജനം നൽകാനും വ്യവസായങ്ങളെ സംരക്ഷിക്കാനുമുള്ള വഴികൾ തേടുകയാണ് കേന്ദ്രം.
യുഎസ് താരിഫ് ബാധിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കാൻ പ്രത്യേക പദ്ധതി സർക്കാർ ആലോചിക്കുന്നുണ്ട്. വലിയ പദ്ധതികളുടെ ആനുകൂല്യം പൂർണ്ണമായി ലഭിക്കാത്ത ചെറുകിട ടെക്‌സ്‌റ്റൈൽ സ്ഥാപനങ്ങൾക്ക് ഇളവുകളോടുകൂടിയ പ്രത്യേക വായ്പാ പദ്ധതികൾ പരിഗണനയിലാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പിഎം വിശ്വകർമ്മ പദ്ധതി, ഭാരത് നെറ്റ് പദ്ധതി എന്നിവയുമായി പുതിയ വായ്പാ സൗകര്യങ്ങൾ സംയോജിപ്പിക്കാനും ആലോചനയുണ്ട്.
ഈ വെല്ലുവിളിയെ നേരിടാൻ വായ്പാ സഹായം, ചെലവ് കുറയ്ക്കാനുള്ള പദ്ധതികൾ തുടങ്ങിയവ നടപ്പാക്കണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ (FIEO) ആവശ്യപ്പെട്ടിട്ടുണ്ട്. ഉയർന്ന താരിഫ് കാരണം ഓർഡറുകൾ കുറയാനും പേയ്‌മെന്റ് കാലാവധി നീളാനും സാധ്യതയുണ്ട്. ഇത് കയറ്റുമതിക്കാരുടെ പണലഭ്യതയെ ബാധിക്കും. ഈ പ്രശ്‌നം പരിഗണിച്ച്, ഒരു വർഷത്തേക്ക് വായ്പാ തിരിച്ചടവിന് മൊറട്ടോറിയം നൽകണമെന്നും FIEO ആവശ്യപ്പെടുന്നു.
നിലവിലെ 25% താരിഫിന്റെ ആഘാതം വിലയിരുത്താനായി വാണിജ്യ വ്യവസായ മന്ത്രാലയം കയറ്റുമതിക്കാരുമായും എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലുകളുമായും ചർച്ചകൾ നടത്തുന്നുണ്ട്. ചെറുകിട, ഇടത്തരം കയറ്റുമതിക്കാർക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാനും കയറ്റുമതിക്കാരുടെ സംഘടന ശുപാർശ ചെയ്തിട്ടുണ്ട്. ആഗോള തലത്തിൽ മത്സരക്ഷമത നിലനിർത്താൻ കയറ്റുമതിക്കാർക്ക് കൂടുതൽ പ്രവർത്തന മൂലധനം ആവശ്യമായി വരുന്നതിനാൽ ക്രെഡിറ്റ് പരിധി 30% വരെ വർദ്ധിപ്പിക്കണമെന്നും ആവശ്യം ഉയരുന്നു.
Trump’s tariffs: India’s $48 billion exports hit; Center prepares plans