കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം. നിർബന്ധിത മതപരിവർത്തന ശ്രമം മൂലമാണ് മകൾ ജീവനൊടുക്കിയതെന്ന് ആരോപിച്ചാണ് യുവതിയുടെ അമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചത്. പോലീസ് ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും കുടുംബം ആരോപിക്കുന്നു.
സംഭവത്തിൽ യുവതിയുടെ സുഹൃത്തും പറവൂർ ആലങ്ങാട് പാനായിക്കുളം സ്വദേശിയുമായ റമീസ് (24) അറസ്റ്റിലായിരുന്നു. അതേസമയം, കേസ് അന്വേഷിക്കാൻ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പത്തംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാർ സംഘത്തിലുണ്ട്. കോതമംഗലം സ്വദേശിനി സോനാ എൽദോസിനെയാണ് (21) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ:
- ആത്മഹത്യാക്കുറിപ്പ്: മതംമാറ്റത്തിന് നിർബന്ധിച്ചതും ശാരീരികമായി ഉപദ്രവിച്ചതും ആത്മഹത്യാക്കുറിപ്പിൽ യുവതി വ്യക്തമാക്കുന്നുണ്ട്. രജിസ്റ്റർ വിവാഹം നടത്താമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മതംമാറാൻ നിർബന്ധിച്ചതായും അതിന് വഴങ്ങാത്തതിനെ തുടർന്ന് റമീസും വീട്ടുകാരും ക്രൂരമായി പെരുമാറിയെന്നും കുറിപ്പിൽ പറയുന്നു.
- പോലീസ് കണ്ടെത്തലുകൾ: ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം എന്നിവയ്ക്ക് തെളിവുകൾ ലഭിച്ചതായി പോലീസ് അറിയിച്ചു. യുവതിയുമായുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. റമീസിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും അടിപിടി കേസുകളിൽ പ്രതിയാണെന്നും പോലീസ് കണ്ടെത്തി.
- കുടുംബത്തിന്റെ ആരോപണങ്ങൾ: മതംമാറാൻ ആദ്യം യുവതി സമ്മതിച്ചിരുന്നുവെങ്കിലും, റമീസിന്റെ വഴിവിട്ട ജീവിതം അറിഞ്ഞതോടെ പിന്മാറി. ഇതിന് ശേഷം റമീസും കുടുംബവും യുവതിയെ പൂട്ടിയിട്ട് മർദിച്ചതായി യുവതിയുടെ സഹോദരിയും സുഹൃത്തും വെളിപ്പെടുത്തി. റമീസിന്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർക്കാൻ നീക്കമുണ്ട്. എന്നാൽ ഇവർ വീട് പൂട്ടി ഒളിവിൽ പോയതായി സൂചനയുണ്ട്.
- പിതാവിൻ്റെ മരണം: പിതാവ് മരിച്ച് നാൽപ്പതാം ദിവസമാണ് യുവതി ജീവനൊടുക്കിയത്. മാനസികമായി ഏറെ തളർന്നിരുന്ന യുവതിയെ റമീസും കുടുംബവും കൂടുതൽ ബുദ്ധിമുട്ടിച്ചതായി ബന്ധുക്കൾ ആരോപിച്ചു.
- വകുപ്പുകൾ: റമീസിനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനും ആത്മഹത്യാ പ്രേരണയ്ക്കും മർദിച്ചതിനും കേസെടുത്തിട്ടുണ്ട്. മതംമാറ്റ ആരോപണത്തിൽ അന്വേഷണം നടക്കുകയാണ്. ഇത് തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തും.
- കസ്റ്റഡി അപേക്ഷ: റമീസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. പ്രതി നിലവിൽ റിമാൻഡിലാണ്.
ആലുവയിലെ കോളേജിൽ പഠിക്കുമ്പോഴാണ് റമീസും യുവതിയും പ്രണയത്തിലാകുന്നത്. വിവാഹത്തിന് വീട്ടുകാർ സമ്മതം അറിയിച്ചിരുന്നു. എന്നാൽ റമീസിന്റെ വഴിവിട്ട ജീവിതം അറിഞ്ഞതോടെ മതംമാറില്ലെന്ന നിലപാടിലേക്ക് യുവതിയെത്തി. ഇത് സംബന്ധിച്ച് റമീസുമായി തർക്കങ്ങൾ ഉണ്ടായി. ഒടുവിൽ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെ റമീസ് രജിസ്റ്റർ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് കബളിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് മതം മാറണമെന്ന് ആവശ്യപ്പെട്ട് യുവതിയെ മർദിച്ചതായും ആരോപണമുണ്ട്.
TTC student’s suicide: Family demands NIA probe into forced conversion attempt; 10-member special investigation team appointed