ന്യൂഡൽഹി: ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അലോക് ആരാധെയെയും പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിപുൽ പഞ്ചോളിയെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി ഉയരും. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കൊളീജിയമാണ് ഈ നിർണായക തീരുമാനമെടുത്തത്.
ഇരുവരും സത്യപ്രതിജ്ഞ ചെയ്യുന്നതോടെ സുപ്രീം കോടതി പൂർണ അംഗബലത്തോടെ (34 ജഡ്ജിമാർ) പ്രവർത്തിക്കും. 2031 ഒക്ടോബർ 2-ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി വിരമിച്ചതിനുശേഷം ജസ്റ്റിസ് പഞ്ചോളി 2031 ഒക്ടോബറിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനമേറ്റെടുക്കും. 2033 മേയ് 27-ന് അദ്ദേഹം വിരമിക്കും.
1964 ഏപ്രിൽ 13-ന് ജനിച്ച ജസ്റ്റിസ് ആരാധെ 2009 ഡിസംബർ 29-ന് മധ്യപ്രദേശ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായും 2011 ഫെബ്രുവരി 15-ന് സ്ഥിരം ജഡ്ജിയായും നിയമിതനായി. ജമ്മു-കശ്മീർ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റപ്പെട്ട അദ്ദേഹം 2016 സെപ്റ്റംബർ 20-ന് അവിടെ സത്യപ്രതിജ്ഞ ചെയ്തു. 2018 മേയ് 11-ന് ജമ്മു-കശ്മീർ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായി. അതേവർഷം ജൂലൈയിൽ കർണാടക ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ അദ്ദേഹം 2022 ഒക്ടോബർ 14 വരെ ആ സ്ഥാനത്ത് തുടർന്നു. ഈ വർഷം ജനുവരി 21-നാണ് ജസ്റ്റിസ് ആരാധെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 1988 ജൂലൈ 12-ന് അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം മധ്യപ്രദേശ് ഹൈക്കോടതിയിൽ സിവിൽ, ഭരണഘടനാ, ആർബിട്രേഷൻ, കമ്പനി കാര്യങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2007 ഏപ്രിലിൽ അദ്ദേഹം സീനിയർ അഭിഭാഷകനായി.
1968 മേയ് 28-ന് അഹമ്മദാബാദിൽ ജനിച്ച ജസ്റ്റിസ് പഞ്ചോളി 2014 ഒക്ടോബർ 1-ന് ഗുജറാത്ത് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി സ്ഥാനക്കയറ്റം നേടി. 2016 ജൂൺ 10-ന് സ്ഥിരം ജഡ്ജിയായി. 2023 ജൂലൈ 24-ന് പട്ന ഹൈക്കോടതിയിൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ഈ വർഷം ജൂലൈ 21-നാണ് ജസ്റ്റിസ് പഞ്ചോളി പട്ന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായത്. 1991 സെപ്റ്റംബറിൽ അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. അവിടെ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറായും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും ഏഴ് വർഷം സേവനമനുഷ്ഠിച്ചു. 1993 ഡിസംബർ മുതൽ 21 വർഷം അഹമ്മദാബാദിലെ സർ എൽ.എ. ഷാ ലോ കോളേജിൽ വിസിറ്റിങ് ഫാക്കൽറ്റിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Two new judges to Supreme Court; Justice Pancholi to become Chief Justice in future