പ്രതിരോധരംഗത്ത് ഇന്ത്യക്ക് കരുത്തായി പുതിയ രണ്ട് യുദ്ധക്കപ്പലുകൾ; ഐഎൻഎസ് ഉദയഗിരിയും ഹിമഗിരിയും നാവികസേനയുടെ ഭാഗമായി

പ്രതിരോധരംഗത്ത് ഇന്ത്യക്ക് കരുത്തായി പുതിയ രണ്ട് യുദ്ധക്കപ്പലുകൾ; ഐഎൻഎസ് ഉദയഗിരിയും ഹിമഗിരിയും നാവികസേനയുടെ ഭാഗമായി

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ശക്തി വർധിപ്പിച്ച് രണ്ട് മൾട്ടി മിഷൻ സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ (യുദ്ധക്കപ്പലുകൾ) കൂടി കമ്മീഷൻ ചെയ്തു. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ഐഎൻഎസ് ഉദയഗിരിയും ഐഎൻഎസ് ഹിമഗിരിയും നാവികസേനയ്ക്ക് മുതൽക്കൂട്ടാക്കിയതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നാവികസേനയെ അഭിനന്ദിച്ചു. ഒരു രാജ്യം പറക്കുന്ന എഫ്-35 വിമാനം നിർമ്മിച്ചപ്പോൾ ഇന്ത്യയുടെ നാവികസേന വെള്ളത്തിൽ ഒഴുകുന്ന എഫ്-35 നിർമ്മിച്ചുവെന്ന് രാജ്‌നാഥ് സിങ് പ്രശംസിച്ചു. അതിവേഗത്തിലും ഒളിഞ്ഞും സഞ്ചരിക്കുന്ന അമേരിക്കൻ യുദ്ധവിമാനമായ എഫ്-35 നെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.

ഈ യുദ്ധക്കപ്പലുകളിലെ അത്യാധുനിക ആയുധങ്ങളും സെൻസർ സംവിധാനങ്ങളും ഇന്ത്യയുടെ സമുദ്രമേഖലയ്ക്ക് മികച്ച സംരക്ഷണം നൽകുമെന്ന് പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു. “ഈ യുദ്ധക്കപ്പലുകൾ പൂർണ്ണമായും ഇന്ത്യയിലാണ് നിർമ്മിച്ചത്. അവയിലെ ആയുധങ്ങളും സെൻസർ പാക്കേജുകളും നമ്മുടെ സമുദ്രമേഖലയിലെ അജയ്യരായ കാവൽക്കാരാക്കി അവയെ മാറ്റുന്നു. ദീർഘദൂര ആക്രമണത്തിനുള്ള ആയുധങ്ങൾ, സൂപ്പർസോണിക് മിസൈലുകൾ, റോക്കറ്റ് ലോഞ്ചറുകൾ, ടോർപ്പിഡോ ലോഞ്ചറുകൾ, കോംബാറ്റ് മാനേജ്‌മെന്റ് സിസ്റ്റങ്ങൾ, ഫയർ കൺട്രോൾ സിസ്റ്റങ്ങൾ എന്നിവയെല്ലാം ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്,” രാജ്‌നാഥ് സിങ് പറഞ്ഞു.

മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (MDL) നിർമ്മിച്ച പ്രോജക്ട് 17എ സ്റ്റെൽത്ത് ഫ്രിഗേറ്റുകളുടെ ഭാഗമാണ് ഐഎൻഎസ് ഉദയഗിരി. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് (GRSE) ആണ് ഐഎൻഎസ് ഹിമഗിരിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. നേരത്തെ സേവനത്തിലുണ്ടായിരുന്നതും 30 വർഷത്തിലേറെ പഴക്കമുള്ളതുമായ ഐഎൻഎസ് ഉദയഗിരി (F35), ഐഎൻഎസ് ഹിമഗിരി (F34) എന്നീ യുദ്ധക്കപ്പലുകളുടെ പേരുകളാണ് പുതിയ രണ്ട് ഫ്രിഗേറ്റുകൾക്കും നൽകിയിരിക്കുന്നത്.

പഴയ ചിന്താരീതികൾ മാറേണ്ടതിന്റെയും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും പ്രതിരോധമന്ത്രി സംസാരിച്ചു. “പുതിയ ഭീഷണികൾ മുൻകൂട്ടി കാണുകയും പുതിയ പരിഹാരങ്ങൾ കണ്ടെത്തുകയും വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ പ്രതിരോധ മേഖലയിലെ ഗവേഷണത്തിനും വികസനത്തിനും മുൻഗണന നൽകിയിട്ടുണ്ട്. യുദ്ധങ്ങളുടെ സ്വഭാവം നിരന്തരം മാറിക്കൊണ്ടിരിക്കുമ്പോൾ, നാം നമ്മളെത്തന്നെ പുതുക്കുകയും ഇതുവരെ പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലകളിൽ ചിന്തിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Two new warships strengthen India’s defense sector; INS Udayagiri and Himagiri become part of the Navy

Share Email
LATEST
More Articles
Top