തൃക്കാക്കരയിലെ ഒരു സ്വകാര്യ സ്കൂളിൽ വൈകിയെത്തിയ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഒറ്റയ്ക്കിരുത്തുകയും ഗ്രൗണ്ടിൽ ഓടിക്കുകയും ചെയ്തെന്ന് രക്ഷിതാക്കളുടെ പരാതി രാവിലെ 8.30-ന് എത്തേണ്ടിടത്ത് 5 മിനിറ്റ് വൈകിയതിന്റെ പേരിലാണ് നടപടി നടന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
കുട്ടിയുടെ വാക്കുകൾ പ്രകാരം, “2 റൗണ്ട് ഗ്രൗണ്ടിൽ ഓടിച്ചു, ശേഷം വെളിച്ചമില്ലാത്ത മുറിയിൽ ഇരുത്തി. പിന്നീട് ടീച്ചർമാർ ഇരുന്ന മറ്റൊരു മുറിയിലേക്ക് മാറ്റി. ടിസി വാങ്ങി പോകാൻ അല്ലെങ്കിൽ ഇവിടെ ഇരുത്തി പഠിപ്പിക്കും എന്നാണ്പറഞ്ഞത്.” മാതാപിതാക്കളെ വിളിച്ച് വരുത്തിയ ശേഷം, ടിസി നൽകുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
സംഭവത്തെത്തുടർന്ന് രക്ഷിതാക്കളും ബന്ധുക്കളും സ്കൂൾ അധികൃതരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. കെഎസ്എയുവും എസ്എഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളും പൊലീസ് സംഘവും സ്ഥലത്തെത്തി.
സ്കൂൾ മാനേജർ ഡോ. അൻവർ ഹുസൈൻ പ്രതികരിച്ചത്, കുട്ടിയെ ശിക്ഷിച്ചിട്ടില്ലെന്നും, ദിവസേന നടക്കുന്ന ‘വ്യായാമ’ത്തിന്റെ ഭാഗമായി 2 റൗണ്ട് നടത്തിച്ചതാണെന്നും. കുട്ടി ഇതിനുമുമ്പ് അഞ്ചു തവണ വൈകിയെത്തിയതായും, ബസ്/സൈക്കിളിൽ വരുന്നവർ വൈകിയാലും പ്രവേശിപ്പിക്കുന്നുവെന്നും, മാതാപിതാക്കൾ കൊണ്ടുവരുന്നവർ വൈകുമ്പോൾ പിടിഎ തീരുമാനപ്രകാരം നടപടി എടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളോടുള്ള വിവേചനവും മാനസിക പീഡനവും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. “കുട്ടി വൈകിയാൽ ഉപദേശം നൽകാം, പക്ഷേ ഇരുട്ടുമുറിയിൽ അടയ്ക്കൽ അംഗീകരിക്കാനാകില്ല. സംഭവത്തെക്കുറിച്ച് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അടിയന്തര റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്,”- മന്ത്രി പറഞ്ഞു.
Education Minister orders inquiry against Thrikkakkara school for misbehaving child