ലണ്ടൻ: യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ സുരക്ഷാ ഉറപ്പ് നൽകാനുള്ള അമേരിക്കയുടെ സന്നദ്ധതയെ സ്വാഗതം ചെയ്ത് ബ്രിട്ടൻ. സമാധാന കരാറിൻ്റെ കാര്യത്തിൽ യുക്രെയ്ന് കാര്യമായ സുരക്ഷ നൽകുന്ന, ആർട്ടിക്കിൾ അഞ്ച് മാതൃകയിലുള്ള സുരക്ഷാ ഉറപ്പുകൾ നൽകാനുള്ള യുഎസിൻ്റെ പ്രസ്താവനയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് തിങ്കളാഴ്ച പറഞ്ഞു. നാറ്റോയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 5 പ്രകാരം ഒരു അംഗരാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ അത് എല്ലാ അംഗങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുകയും കൂട്ടായ പ്രതികരണം നൽകുകയും ചെയ്യും.
“യുക്രെയ്ന് ശക്തമായ സുരക്ഷാ ഉറപ്പുകൾ ഉണ്ടായിരിക്കണം, ആ സുരക്ഷാ ഉറപ്പുകൾക്ക് യുഎസിൻ്റെ പിന്തുണ എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങൾ എപ്പോഴും വ്യക്തമാക്കിയതാണ്,” വക്താവ് കൂട്ടിച്ചേർത്തു. അലാസ്ക ഉച്ചകോടി ഈ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രസിഡൻ്റ് ട്രംപിൻ്റെ നിശ്ചയദാർഢ്യം വ്യക്തമാക്കുന്നുണ്ട്. യുക്രെയ്ന് നിർണായകമായ സുരക്ഷാ ഉറപ്പുകൾക്ക് വഴിയൊരുക്കും. ഇന്നത്തെ കൂടിക്കാഴ്ച ആ സാധ്യതകളെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകും,” എന്നും വക്താവ് പറഞ്ഞു.
പ്രസിഡൻ്റ് പുടിൻ സമാധാനത്തിന് വേണ്ടി ഒരിക്കലും നിലകൊള്ളുന്നില്ല. അദ്ദേഹത്തിൻ്റെ ക്രൂരമായ ആക്രമണം നിർത്തുന്നത് വരെ, ഞങ്ങൾ റഷ്യയുടെ യുദ്ധയന്ത്രത്തിന് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുന്നത് തുടരും,” വക്താവ് കൂട്ടിച്ചേർത്തു. യൂറോപ്യൻ യൂണിയനിലേക്കോ നാറ്റോയിലേക്കോ ഉള്ള യുക്രെയ്ൻ്റെ വഴിയിൽ റഷ്യക്ക് വീറ്റോ അധികാരം ഉണ്ടായിരിക്കില്ലെന്നും വക്താവ് വ്യക്തമാക്കി.