ഭൂമിയെ ലക്ഷ്യമാക്കി വരുന്ന 31/അറ്റ്‌ലസ് എന്ന വസ്തു ഭൂമിയെ പഠിക്കാന്‍ ലക്ഷ്യമിട്ടുള്ള അന്യഗ്രഹ ജീവികളുടെ വാഹനമായിരിക്കാമെന്ന സിദ്ധാന്തമവതരിപ്പിച്ചതിന് പിന്നാലെ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട മറ്റൊരു സിദ്ധാന്തവുമായി രംഗത്തുവന്നിരിക്കുകയാണ് ഹാര്‍വാര്‍ഡിലെ തന്നെ ഗവേഷകര്‍. അന്യഗ്രഹ ജീവികള്‍ നമുക്കിടയില്‍ തന്നെ ജീവിക്കുന്നുണ്ടാവാമെന്ന് അവര്‍ പറയുന്നു. അന്യഗ്രഹ ജീവിയെ കണ്ടെത്താന്‍ ബഹിരാകാശത്തിന്റെ മുക്കും മൂലയും അന്വേഷിച്ചുള്ള ബഹിരാകാശ ദൗത്യങ്ങള്‍ ചിലപ്പോള്‍ തെറ്റായ ദിശയിലാവാമെന്നും അവര്‍ ഭൂമിയില്‍ തന്നെ ഉണ്ടാവാമെന്നും അവര്‍ പറയുന്നു.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ ഹ്യൂമന്‍ ഫ്‌ളറിഷിങ് പ്രോഗ്രാമില്‍ നിന്നുള്ള പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. അന്യഗ്രഹജീവികളെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെയും സങ്കല്‍പ്പങ്ങളേയും വെല്ലുവിളിച്ചുകൊണ്ടാണ് ഗവേഷകര്‍ ഇങ്ങനെ ഒരു സാധ്യത മുന്നോട്ട് വെക്കുന്നത്. അന്യഗ്രഹ ജീവികള്‍ ഭൂമിക്കടിയിലുണ്ടാവാമെന്നും ചന്ദ്രനില്‍ മറഞ്ഞിരിക്കുന്നുണ്ടാവാമെന്നും അതല്ലെങ്കില്‍ മനുഷ്യര്‍ക്കിടയില്‍ തന്നെ ജീവിക്കുന്നുണ്ടാവാമെന്നും പഠനം പറയുന്നു.
എങ്കിലം ഈ പഠനം വിശദ പരിശോധനങ്ങള്‍ക്ക് വിധേയമായിട്ടില്ല. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളില്‍ മാത്രമാണ് പഠനം ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ഭൂമിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അജ്ഞാത പറക്കും വാഹനങ്ങളെ ഭൂമിയില്‍ ആരുമറിയാതെ ജീവിക്കുന്ന അന്യഗ്രഹജീവികളുമായി ഗവേഷകര്‍ ബന്ധപ്പെടുത്തുന്നു. ക്രിപ്‌റ്റൊടെറസ്ട്രിയല്‍സ് എന്നാണ് ഈ ജീവികളെ ഗവേഷകര്‍ വിളിക്കുന്നത്. ഇവ നാല് വ്യത്യസ്ത രൂപങ്ങളില്‍ വരാമെന്ന് ഗവേഷകര്‍ പ്രബന്ധത്തില്‍ അഭിപ്രായപ്പെടുന്നു.
വളരെക്കാലം മുമ്പ് തന്നെ തുടച്ചുനീക്കപ്പെട്ടതും എന്നാല്‍ ഇപ്പോഴും രഹസ്യമായി നിലനില്‍ക്കുന്നതുമായ ഒരു പുരാതന, വികസിത മനുഷ്യ നാഗരികതയുടെ പിന്‍മുറക്കാരായി കഴിയുന്ന മനുഷ്യ ക്രിപ്റ്റോടെറസ്ട്രിയലുകളാണ് ആദ്യത്തേത്.
ഹൊമിനിഡ് ക്രിപ്‌റ്റോടെരസ്ട്രിയല്‍സ് എന്ന് വിളിക്കുന്ന കുരങ്ങുപോലെ ബുദ്ധിയുള്ള മനുഷ്യേതര ജീവികളോ ഭൂമിക്കടിയില്‍ ജീവിക്കാന്‍ പഠിച്ച പരിണാമം സംഭവിച്ച ദിനോസറുകള്‍ ഉള്‍പ്പടെയുള്ള തെറോപോഡ് ക്രിപ്‌റ്റൊടെറസ്ട്രിയല്‍സോ ആവാമെന്നതാണ് രണ്ടാമത്തെ നിര്‍ദേശം.
ഫോര്‍മാര്‍ എക്‌സ്ട്രാടെറസ്ട്രിയല്‍ അല്ലെങ്കില്‍ എക്‌സ്ട്രാടെമ്പെസ്ട്രിയല്‍ ആണ് മൂന്നാമത്തേത്. മറ്റൊരു ഗ്രഹത്തില്‍ നിന്നോ ഭൂമിയുടെ ഭാവികാലത്തില്‍ നിന്നോ വന്നവയാകാം ഇവ. ഭൂമിയിലോ ചന്ദ്രനിലോ അവ മറഞ്ഞിരിക്കുന്നുണ്ടാവാം.
മാജിക്കല്‍ ക്രിപ്‌റ്റോടെറസ്ട്രിയല്‍സ് എന്ന് വിളിക്കുന്നവയാണ് നാലാമത്തേത്. സാങ്കേതികവിദ്യയെ ആശ്രയിക്കാതെ, നിഗൂഢവും മാന്ത്രികവുമായ രീതിയില്‍ മനുഷ്യരുമായി ഇടപഴകുന്ന മിത്തുകളിലുള്ളതിന് സമാനമായ ജീവികള്‍ ആണിവ (യക്ഷികള്‍, എല്‍വുകള്‍, നിംഫുകള്‍).
എന്നാല്‍ നിലവിലെ സാഹചര്യങ്ങളില്‍ ഈ പ്രബന്ധത്തിലെ സിദ്ധാന്തങ്ങള്‍ എത്രത്തോളം വിശ്വാസ യോഗ്യമാവുമെന്ന് പറയാനാവില്ല. സംശയത്തോടെയല്ലാതെ ഇവ ഉള്‍ക്കൊള്ളാനാവില്ല. ഇക്കാര്യം ഗവേഷകരും തുറന്നു സമ്മതിക്കുന്നു. എന്നാല്‍ ഈ പ്രബന്ധത്തെ ശാസ്ത്രസമൂഹം ഗൗരവതരമായി പരിഗണിക്കണമെന്നും ശാസ്ത്ര വിശകലനം ആവശ്യമാണെന്നും അവര്‍ ആവശ്യപ്പെടുന്നു.
Underground, on the moon, or among us?: Harvard researchers say alien life exists