ന്യൂഡൽഹി : സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്.താത്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട ഗവർണറുടെ നിലപാടിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതി സമീപിച്ചു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തിലാണ് സർക്കാർ കോടതിയെ സമീപിച്ചത്.
ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. താൽക്കാലിക വിസി നിയമനം ചട്ടവിരുദ്ധമാണെന്നും സർക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് ഗവർണർ തീരുമാനമെടുത്തതെന്നും ഹർജിയിൽ പറയുന്നു.
നിലവിലുള്ള താൽക്കാലിക വിസിമാർക്ക് തുടരാനായി ചാൻസലർക്ക് പുതിയ വിജ്ഞാപനമിറക്കാമെന്ന സുപ്രീ കോടതി ഉത്തരവിന്റെ 20–ാം ഖണ്ഡികയിലുള്ളതാണു ഗവർണർ രാജേന്ദ്ര ആർലേക്കർ ആയുധമാക്കിയത്. സാങ്കേതിക സർവകലാശാലാ നിയമത്തിലെ വകുപ്പ് 13 (7), ഡിജിറ്റൽ സർവകലാശാല നിയമത്തിലെ വകുപ്പ് 11(10) എന്നിവയ്ക്കനുസൃതമായി വേണം ഈ വിജ്ഞാപനമെന്ന് ഇതേ ഖണ്ഡികയുടെ അവസാന ഭാഗത്തുണ്ടെന്നും ഇതു പാലിക്കപ്പെട്ടില്ലെന്നുമാണ് സർക്കാർ വാദം.
ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാലയിലും കെ.ശിവപ്രസാദിനു സാങ്കേതിക സർവകലാശാലയിലും താൽക്കാലിക വി.സിമാരായി പുനർനിയമനം നൽകി ഗവർണർ വിജ്ഞാപനമിറക്കിയിരുന്നു. കേസ് ബുധനാഴ്ച്ച പരിഗണിക്കും.
University fight in Supreme Court: Government approaches court against Governor