അസാധാരണ നടപടി, എഡിജിപി അജിത് കുമാറിനെതിരായ പഴയ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു; പുതിയ ഡിജിപി പുതിയ റിപ്പോർട്ട് നൽകണം

അസാധാരണ നടപടി, എഡിജിപി അജിത് കുമാറിനെതിരായ പഴയ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു; പുതിയ ഡിജിപി പുതിയ റിപ്പോർട്ട് നൽകണം

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ മുൻ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് സമർപ്പിച്ച രണ്ട് അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട റിപ്പോർട്ടും ഡിജിപി പി. വിജയൻ്റെ പരാതിയിന്മേലുള്ള ശുപാർശയുമാണ് തിരികെ അയച്ചത്. ഈ റിപ്പോർട്ടുകൾ അജിത് കുമാറിനെതിരായിരുന്നു. പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനോട് റിപ്പോർട്ടുകൾ പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്താനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ഡിജിപി സമർപ്പിച്ച റിപ്പോർട്ടിന്മേൽ മറ്റൊരു ഡിജിപിയുടെ അഭിപ്രായം തേടുന്നത് അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ, അഴിമതിക്കേസിൽ വിജിലൻസ് കോടതി തള്ളിയ ക്ലീൻ ചിറ്റ് റിപ്പോർട്ടിനെതിരെ എഡിജിപി എം.ആർ. അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങുന്നു. വിധി വസ്തുതകൾ ശരിയായി വിലയിരുത്താതെയാണെന്നും സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ ബി. രാമൻ പിള്ള മുഖേന ഇന്ന് ഹർജി നൽകുമെന്നാണ് വിവരം. മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങളെ ചൊല്ലി സർക്കാരും അപ്പീൽ നൽകുന്നുണ്ട്. കേസന്വേഷണത്തിൽ മുഖ്യമന്ത്രിക്ക് ഇടപെടാനുള്ള അധികാരത്തെ ചോദ്യം ചെയ്യുന്ന വിജിലൻസ് കോടതി വിധി മാന്വലിന് എതിരാണെന്നാണ് സർക്കാർ വാദം. അടുത്ത ആഴ്ച പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴിയെടുക്കാൻ തീരുമാനിച്ചിരിക്കെ, ഈ നീക്കം ശ്രദ്ധേയമാണ്.

Share Email
Top