റഷ്യൻ എണ്ണയുടെ പേരിൽ യു.എസ്. സമ്മർദ്ദം; ചൈനയുമായി അടുക്കാൻ ഇന്ത്യ; മോദി ചൈന സന്ദർശിക്കും

റഷ്യൻ എണ്ണയുടെ പേരിൽ യു.എസ്. സമ്മർദ്ദം; ചൈനയുമായി അടുക്കാൻ ഇന്ത്യ; മോദി ചൈന സന്ദർശിക്കും

ന്യൂഡൽഹി: യു.എസ്. പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഭീഷണിക്കിടെ, ചൈനയുമായുള്ള സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യ. ഗാൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കും. 2019-ലാണ് ഇതിനുമുമ്പ് മോദി ചൈനയിൽ പോയത്. എന്നാൽ, 2024 ഒക്ടോബറിൽ, ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ.) ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി ചൈന സന്ദർശിക്കുന്നത്. ടിയാൻജിൻ നഗരത്തിൽ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെയാണ് ഉച്ചകോടി.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് ആവശ്യപ്പെട്ട് കടുത്ത സമ്മർദം ചെലുത്തുന്ന ട്രംപ് കടുത്ത താരിഫുകൾ അടിച്ചേൽപ്പിക്കുമെന്ന മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് നയതന്ത്രതലത്തിൽ പ്രാധാന്യമുണ്ട്. പഹൽഗാം ആക്രമണത്തെത്തുടർന്നുള്ള ‘ഓപ്പറേഷൻ സിന്ദൂർ’-ൽ ഇന്ത്യയെ ചെറുക്കാൻ പാകിസ്താൻ പ്രയോഗിച്ചത് ചൈനീസ് ആയുധങ്ങളായിരുന്നു എന്ന കാര്യവും പ്രസക്തമാണ്. ചൈന പാകിസ്താനെ സഹായിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

ജൂണിൽ എസ്.സി.ഒയുടെ കീഴിലുള്ള പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ബലൂചിസ്താൻ വിഷയത്തിനൊപ്പം പഹൽഗാം ആക്രമണവും പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത പ്രസ്താവനയിൽ ഒപ്പുവയ്ക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിസമ്മതിച്ചിരുന്നു. പാകിസ്താന്റെ താൽപര്യപ്രകാരമാണ് പഹൽഗാം സംയുക്ത പ്രഖ്യാപനത്തിൽ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന.

അതിൻ്റെ അടുത്ത മാസം, പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ലഷ്‌കർ-ഇ-തൊയ്ബയുടെ അനുബന്ധ സംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ’ അമേരിക്ക വിദേശ ഭീകര സംഘടനയായി മുദ്രകുത്തിയപ്പോൾ ഭീകരതയ്ക്കെതിരെ ചൈന ശക്തമായ പ്രസ്താവന ഇറക്കിയിരുന്നു.

‘ഏപ്രിൽ 22-ന് സംഭവിച്ച ഭീകരാക്രമണത്തെ ചൈന ശക്തമായി അപലപിക്കുന്നുവെന്നും എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും ശക്തമായി എതിർക്കുന്നുവെന്നും’ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി. എസ്.സി.ഒ.യിൽ ഇക്കുറി 10 അംഗ രാഷ്ട്രങ്ങൾ വാണിജ്യത്തിനൊപ്പം, ഭീകരവാദവും പ്രാദേശിക സുരക്ഷയും കൂടി ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ഉച്ചകോടിയിൽ ശ്രമങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും ഉച്ചകോടിയോടനുബന്ധിച്ച് മോദി ഉഭയകക്ഷി ചർച്ച നടത്തും. അതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യയിലെത്തി. ഊർജ, പ്രതിരോധ മേഖലകളിൽ ഇന്ത്യ-റഷ്യ സഹകരണം ഉറപ്പിക്കുകയാണ് സന്ദർശന ലക്ഷ്യം. ഈ മാസം അവസാനത്തോടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും റഷ്യയിലേക്ക് എത്തിയേക്കും.

US pressure over Russian oil; India to get closer to China

Share Email
LATEST
More Articles
Top