കീവ്: യുഎസില്‍നിന്ന് ശതകോടികളുടെ ആയുധങ്ങള്‍ വാങ്ങാന്‍ യുക്രൈന്‍. 10,000 കോടി ഡോളര്‍ (ഏകദേശം 8.72 ലക്ഷം കോടി ഇന്ത്യന്‍ രൂപ) മതിക്കുന്ന ആയുധ ഇടപാടാണ് കീവ് ഉദ്ദേശിക്കുന്നത്. ആയുധങ്ങള്‍ യുക്രൈനായി വാങ്ങി നല്‍കേണ്ടത് യൂറോപ്യന്‍ രാജ്യങ്ങളാണ്. റഷ്യയുമായി സമാധാന കരാര്‍ യാഥാര്‍ഥ്യമായാല്‍ യുക്രൈന് യുഎസ് സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് യുക്രൈന്‍ പ്രസിഡൻ്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടിരുന്നത്. ഈ സുരക്ഷാ ഉടമ്പടിയുടെ ഭാഗമായാണ് യുഎസില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുകയെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന് പുറമെ യുഎസ് പ്രതിരോധ കമ്പനികളുമായി ചേര്‍ന്ന് സംയുക്തമായി ഡ്രോണുകള്‍ നിര്‍മിക്കാനുള്ള 5000 കോടി ഡോളറിന്റെ (ഏകദേശം 4.36 ലക്ഷം കോടി രൂപ) മറ്റൊരു പ്രതിരോധ ഇടപാടും സെലന്‍സ്‌കി മുന്നോട്ടുവെച്ചിട്ടുണ്ട്. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.
എങ്കിലും യുക്രൈന്‍ നഗരങ്ങളെയും സുപ്രധാന കേന്ദ്രങ്ങളെയും വ്യോമാക്രമണങ്ങളില്‍നിന്ന് രക്ഷിക്കാന്‍ യുഎസില്‍നിന്ന് 10 പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനം യുക്രൈന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ യുഎസ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. യുഎസുമായി ചേര്‍ന്ന് ആഭ്യന്തരമായി ആയുധങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ യുക്രൈന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍, സൈനിക സാങ്കേതികവിദ്യകള്‍ കൈമാറുന്നതില്‍ യു.എസിന് താത്പര്യമില്ലായെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്നുവര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സെലന്‍സ്‌കിയും ട്രംപും കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകനേതാക്കളുടെ പരിശ്രമത്തെ തുടര്‍ന്ന് പുതിനും സെലന്‍സ്‌കിയും സമാധാന ഉച്ചകോടിക്ക് തയ്യാറായതായാണ് സൂചന. യുക്രൈന് ദീര്‍ഘകാല സുരക്ഷ ഉറപ്പാക്കുന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. പുതിന്‍- സെലെന്‍സ്‌കി ഉച്ചകോടി നടന്നാല്‍, യുദ്ധം തുടങ്ങിയതിനു ശേഷം ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയായിരിക്കും അത്.
ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെയ്ര്‌സ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ്, യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ എന്നിവരുള്‍പ്പെടെ ഏഴ് യൂറോപ്യന്‍ നേതാക്കളാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടത്.
Billions in arms transfers, joint drone production; US-Ukraine relations strengthened in Trump-Zelensky meeting