താരിഫ് യുദ്ധം തുടരുന്നതിനിടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകളുമായി യുഎസ്

താരിഫ് യുദ്ധം തുടരുന്നതിനിടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകളുമായി യുഎസ്

ന്യൂഡൽഹി: താരിഫ് യുദ്ധം തുടരുന്നതിനിടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകളുമായി യുഎസ്. ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധം സുപ്രധാനവും ദൂരവ്യാപകവുമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പങ്കുവച്ച പ്രസ്താവനയിൽ പറഞ്ഞു. 

‘ഓഗസ്റ്റ് 15ന്  ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ യുഎസിനു വേണ്ടി ഞങ്ങളുടെ അഭിനന്ദനവും ആശംസകളും അറിയിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യവും തമ്മിലുള്ള ചരിത്രപരമായ ബന്ധം സുപ്രധാനവും ദൂരവ്യാപകവുമാണ്. കൂടുതൽ സമാധാനപരവും ഐശ്വര്യവും നിറഞ്ഞ ഇന്തോ–പസിഫിക് മേഖലയെന്ന ലക്ഷ്യം പങ്കുവയ്ക്കുന്നവരാണ് നമ്മൾ ഇരുരാജ്യങ്ങളും. വ്യവസായം, നൂതനാശയങ്ങളും നവ സാങ്കേതിക വിദ്യകളും പ്രോത്സാഹിപ്പിക്കൽ തുടങ്ങി ബഹിരാകാശം വരെ നമ്മുടെ പങ്കാളിത്തം പരന്നു കിടക്കുന്നു. ഇന്നത്തെ വെല്ലുവിളികളെ മറികടക്കാനും പ്രകാശപൂരിതമായ ഭാവി ഉറപ്പാക്കാനും രണ്ടു രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കും.’– പ്രസ്താവനയിൽ പറയുന്നു.

അതേസമയം, കഴിഞ്ഞ ദിവസം പാക്കിസ്ഥാന് നൽകിയ സ്വാതന്ത്ര്യദിനാശംസയിൽ ഭീകരതയ്ക്കെതിരെ പാക്കിസ്ഥാൻ നടത്തുന്ന ഇടപെടലുകളെ യുഎസ് അഭിനന്ദിച്ചിരുന്നു. ‘ഭീകരതയ്ക്കെതിരെയും വാണിജ്യ മേഖലയിലും പാക്കിസ്ഥാൻ നടത്തുന്ന ഇടപെടലുകളെ യുഎസ് അതിയായി അഭിനന്ദിക്കുന്നു. ക്രിട്ടിക്കൽ മിനറൽസ്, ഹൈഡ്രോ കാർബൺ എന്നിവയടക്കം പുതിയ സാമ്പത്തിക സഹകരണ മേഖലകളിൽ പ്രവർത്തിക്കുന്നത് ഉറ്റുനോക്കുകയാണ്. വൈവിധ്യമായ വാണിജ്യ പങ്കാളിത്തം അമേരിക്കൻ, പാക്കിസ്ഥാൻ ജനതയുടെ ഭാവി മെച്ചപ്പെടുത്തും,’–പാക്കിസ്ഥാനുള്ള സന്ദേശത്തിൽ യുഎസ് പറഞ്ഞു.

US wishes India a happy Independence Day as tariff war continues

Share Email
LATEST
Top