ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ഹർഷിലിനടുത്തുള്ള ധരാലിയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നാല് പേർ മരിക്കുകയും പത്ത് സൈനികരെ കാണാതാവുകയും ചെയ്തു. ഹർഷിലിലെ ഇന്ത്യൻ ആർമി ക്യാമ്പിന് സമീപം ഉരുൾപൊട്ടലുണ്ടായതിനെ തുടർന്നാണ് സൈനികരെ കാണാതായത്. 60-ലധികം പേരെ കാണാനില്ലെന്നാണ് പ്രാഥമിക നിഗമനം. ഖീർഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനമുണ്ടായത്.
ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂർണ്ണമായും ഒലിച്ചുപോയി. നിരവധി വീടുകളും കെട്ടിടങ്ങളും നശിച്ചു. ഗംഗോത്രിയിലേക്കുള്ള പ്രധാന ഇടത്താവളമായ ഇവിടെ നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും ഹോം സ്റ്റേകളും സ്ഥിതിചെയ്യുന്നുണ്ട്. സ്ഥലത്ത് കുടുങ്ങിയ 130 പേരെ ഇതിനോടകം രക്ഷപ്പെടുത്തി. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഐടിബിപി സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. 150-ഓളം സൈനികരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നുണ്ട്.
ഉത്തരകാശിയിലെ മേഘവിസ്ഫോടനം മൂലമുണ്ടായ നാശനഷ്ടങ്ങൾ അതീവ ദുഃഖകരമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി വിവരങ്ങൾ തേടി
ഉത്തരകാശിയിലെ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിതബാധിതർക്ക് അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി, സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.
രണ്ടാമത്തെ മേഘവിസ്ഫോടനം
ധരാലിക്ക് സമീപം സുഖി എന്ന സ്ഥലത്ത് രണ്ടാമതും മേഘവിസ്ഫോടനമുണ്ടായതായി റിപ്പോർട്ടുണ്ട്. ജനവാസമില്ലാത്ത വനമേഖലയായതിനാൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മലമുകളിൽ നിന്ന് ഒഴുകിയെത്തിയ കല്ലും മണ്ണും നദിയിൽ പതിച്ചതോടെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് പരിസരപ്രദേശങ്ങളിലുള്ളവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.
ഉത്തരാഖണ്ഡിൽ നിന്നുള്ള എംപിമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവർത്തനം ചർച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ച നടന്നത്. മൂന്ന് ഐടിബിപി സംഘങ്ങളെയും നാല് എൻഡിആർഎഫ് സംഘങ്ങളെയും അപകടസ്ഥലത്തേക്ക് നിയോഗിച്ചതായി അമിത് ഷാ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ വ്യക്തമാക്കി. വ്യോമമാർഗം രക്ഷാപ്രവർത്തനം നടത്താൻ രണ്ട് സംഘങ്ങൾ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
Uttarakhand cloudburst; 10 soldiers among missing, Army says; Rescue operations intensified