കോട്ടയം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സസ്പെൻഷൻ നടപടി വിശദീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഔദ്യോഗികമായി പരാതികളൊന്നും ലഭിക്കാതെയാണ് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കർശന നടപടി സ്വീകരിച്ചതെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. പീഡനക്കേസ് പ്രതികളെ സംരക്ഷിക്കുന്ന ബി.ജെ.പി.ക്കും സി.പി.എമ്മിനും ധാർമികതയെക്കുറിച്ച് സംസാരിക്കാൻ എന്തവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
പാർട്ടിക്കോ പോലീസിനോ പരാതികളോ തെളിവുകളോ ലഭിച്ചിട്ടില്ല. എന്നിട്ടും 24 മണിക്കൂറിനുള്ളിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാഹുൽ രാജിവെക്കുകയും, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.
മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടി ഇത്തരത്തിൽ ഒരു നടപടി എടുത്തിട്ടുണ്ടോ എന്നും സതീശൻ ചോദിച്ചു. രാഹുൽ കോൺഗ്രസ് പാർട്ടിയുടെ മുൻനിര നേതാവാണ്. ഞങ്ങൾക്കെല്ലാം ഏറെ അടുപ്പമുള്ളയാളാണ്. എന്നിട്ടും, അദ്ദേഹത്തെ രക്ഷപ്പെടുത്താൻ പാർട്ടി ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.