വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതി, റാപ്പർ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു, ഹർജി നാളെ വീണ്ടും പരിഗണിക്കും

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതി, റാപ്പർ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു, ഹർജി നാളെ വീണ്ടും പരിഗണിക്കും

കൊച്ചി : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ഈ നിർദേശം. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജാമ്യഹർജിയിൽ ബുധനാഴ്ചയും വാദംതുടരും.

വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് കോടതി പരാതിക്കാരിയോട് ചോദിച്ചു. ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോൾ അതിനെ ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്നും, തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തീരുമാനമെടുക്കാനാകൂ എന്നും കോടതി നിരീക്ഷിച്ചു.

വേടൻ സ്ഥിരം കുറ്റവാളിയാണെന്നും, സമാനമായ രണ്ട് പരാതികൾ കൂടി വേടനെതിരെ വന്നിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. എന്നാൽ ഓരോ കേസും അതിന്റെ മെറിറ്റിൽ പരിഗണിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. തുടർന്ന് പരാതിക്കാരിയെ കേസിൽ കക്ഷി ചേരാൻ കോടതി അനുവദിച്ചു.

വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും. അതിനാൽ നാളെ വാദം കേൾക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു. 2021 മുതൽ 2023 വരെയുള്ള കാലയളവിൽ കോഴിക്കോട്ടും കൊച്ചിയിലും വെച്ച് പലതവണ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായും യുവതി ആരോപിച്ചിട്ടുണ്ട്.

Share Email
Top