ന്യൂഡൽഹി: സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സംയുക്ത സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ ‘ഇന്ത്യ’ സഖ്യം. സ്ഥാനാർത്ഥിയെ കണ്ടെത്താനും സമവായമുണ്ടാക്കാനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ശ്രമം തുടങ്ങി. തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും ശക്തമായ രാഷ്ട്രീയ സന്ദേശം നൽകാൻ മത്സരിക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.
സ്ഥാനാർത്ഥിയെക്കുറിച്ച് ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെങ്കിലും ഇന്ത്യ സഖ്യ നേതാക്കൾക്കിടയിൽ രഹസ്യ കൂടിയാലോചനകൾ ആരംഭിച്ചു. സംയുക്ത സ്ഥാനാർത്ഥിയെ നിർത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഭരണകക്ഷിയായ ബി.ജെ.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം തങ്ങളുടെ സ്ഥാനാർത്ഥിയെ തീരുമാനിച്ചാൽ മതിയെന്നാണ് പ്രതിപക്ഷ ക്യാമ്പിലെ ഒരു വിഭാഗത്തിൻ്റെ അഭിപ്രായം. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിലും വോട്ട് തട്ടിപ്പ് വിഷയത്തിലും ഘടകകക്ഷികൾക്കിടയിൽ ഐക്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങാൻ പ്രതിപക്ഷം ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം വോട്ട് തട്ടിപ്പ് വിഷയം വിശദീകരിക്കാൻ രാഹുൽ ഗാന്ധിയുടെ വസതിയിൽ ഇന്ത്യ സഖ്യ നേതാക്കൾക്കായി അത്താഴവിരുന്ന് ഒരുക്കിയിരുന്നു. 2024 ജൂണിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം ഇതാദ്യമായാണ് പ്രതിപക്ഷ കൂട്ടായ്മയിലെ ഉന്നത നേതാക്കൾ ഒത്തുകൂടിയത്. ഖാർഗെ, സോണിയ ഗാന്ധി, ശരദ് പവാർ, ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, അഭിഷേക് ബാനർജി, ഉദ്ധവ് താക്കറെ, തിരുച്ചി ശിവ, ടി. ആർ. ബാലു, എം.എ. ബേബി, ഡി. രാജ തുടങ്ങി 25 പാർട്ടികളിൽനിന്നുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തത് ഇന്ത്യ സഖ്യത്തിന് പുതിയ ഉണർവേകി. ഏറ്റവും വിജയകരമായ യോഗമെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഈ കൂട്ടായ്മയെ വിശേഷിപ്പിച്ചത്.
എന്നാൽ, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനെക്കുറിച്ച് യോഗത്തിൽ ചർച്ച നടന്നില്ലെന്നും അതിന് മറ്റ് അവസരങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻഖർ ഓഗസ്റ്റ് നാലിനാണ് ഉപരാഷ്ട്രപതി സ്ഥാനം അപ്രതീക്ഷിതമായി രാജിവെച്ചത്.
Vice Presidential Election: INDI Alliance to field candidate, Congress leads joint move