മുങ്ങിമരണങ്ങളില്‍ ജാഗ്രത: ഫൊക്കാന-മൈല്‍ സ്റ്റോണ്‍ ‘സ്വിം കേരള സ്വിം’ പദ്ധതി

മുങ്ങിമരണങ്ങളില്‍ ജാഗ്രത: ഫൊക്കാന-മൈല്‍ സ്റ്റോണ്‍ ‘സ്വിം കേരള സ്വിം’ പദ്ധതി

എ.എസ് ശ്രീകുമാര്‍

കോട്ടയം: ഫൊക്കാന, വൈക്കം ആസ്ഥാനമായുള്ള മൈല്‍ സ്റ്റോണ്‍ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിള്‍ സൊസൈറ്റിയുമായി കൈകോര്‍ത്ത് സംഘടിപ്പിച്ച ‘സ്വിം കേരള സ്വിം’ മൂന്നാംഘട്ട സൗജന്യ നീന്തല്‍ പരിശീലന പദ്ധതിയുടെ സമാപന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും കേരള കണ്‍വന്‍ഷന്റെ രണ്ടാം ദിവസമായ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. കുമരകത്തെ ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ കുട്ടികളുടെ ആവേശകരമായ നീന്തല്‍ പ്രകടനത്തോടെയാണ് ജാഗ്രതയും കരുതലുമെന്ന സന്ദേശം പകര്‍ന്ന ഈ പരിപാടി വിജയകരമായി സമാപിച്ചത്.

പ്രതിവര്‍ഷം 1500-ലധികം പേര്‍ വെള്ളത്തില്‍ മുങ്ങിമരിക്കുന്ന സാഹചര്യത്തില്‍ ജലസുരക്ഷാ ബോധവത്ക്കരണം ശക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പ്രോജക്ട് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും ഇതുവരെ ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള ഒരു സംഘടനയും ശ്രദ്ധിക്കാത്ത ഒരു മേഖലയാണിതെന്ന് മനസിലായതുകൊണ്ടാണ് ഫൊക്കാന ഈ ഏരിയയിലേയ്ക്ക് എത്തിയതെന്നും പ്രസിഡന്റ് സജിമോന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണെ ചെയ്തുകൊണ്ട് പറഞ്ഞു. ഫൊക്കാന ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ അടക്കമുള്ള ഭാരവാഹികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. വൈക്കം മുനിസിപ്പാലിറ്റിയും ഡല്‍ഹി വൈക്കം സംഗമവും പദ്ധതിയെ പിന്തുണച്ചു.

വൈക്കം നഗരസഭയുടെ 26 വാര്‍ഡുകളില്‍ നിന്നും കൗണ്‍സിലര്‍മാര്‍ മുഖേന രജിസ്റ്റര്‍ചെയ്ത 10 വയസ്സിന് മുകളിലുള്ള 130 കുട്ടികളാണ് തീവ്ര പരിശീലനത്തില്‍ പങ്കെടുത്തത്. കുട്ടികളുടെ സ്വയരക്ഷ, പരരക്ഷ, വ്യായാമം, ഉല്ലാസം എന്നിവയ്ക്ക് പുറമേ പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള മുറകളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശ്വാസനിയന്ത്രണം, വെള്ളത്തില്‍ പൊങ്ങിക്കിടക്കല്‍, കൈകാലുകള്‍ കൊണ്ടുള്ള തുഴയല്‍ തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ അടങ്ങുന്നതായിരുന്നു പരിശീലന പദ്ധതി. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ 100 കുട്ടികള്‍ക്കാണ് സാന്നിധ്യത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍ല്‍കിയത്.

”ഇന്നത്തെ കുട്ടികള്‍ നാളത്തെ വാഗ്ദാനങ്ങളാണ്. അവരെ മുങ്ങിമരണങ്ങളില്‍ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെകുടിയാണ് വൈക്കത്ത് പെരിമശേരിയില്‍ കഴിഞ്ഞ ജൂണ്‍ 22-ന് നീന്തല്‍ ക്യാമ്പ് തുടങ്ങിയത്. പരിശീലനത്തിലൂടെ കുട്ടികള്‍ നീന്തലില്‍ വൈദഗ്ധ്യം നേടുക മാത്രമല്ല അവരുടെ സ്വഭാവ രൂപീകരണത്തിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായി. സര്‍ക്കാരിന്റെ യാതൊരു സഹായവും കിട്ടാത്ത സാഹചര്യത്തിലാണ് ഫൊക്കാന സാമ്പത്തിക പിന്തുണയുമായി രംഗത്തുവന്നത്…” മൈല്‍ സ്റ്റോണ്‍ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സെക്രട്ടറിയും റിട്ടയേഡ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനുമായ ഡോ. ആര്‍ പൊന്നപ്പന്‍ പറഞ്ഞു.

Vigilance over drowning deaths: Phokana-Milestone ‘Swim Kerala Swim’ project

Share Email
Top