കേരളത്തിന്‍റെ വലിയ സ്വപ്നം, വയനാട് തുരങ്കപാത യാഥാർത്ഥ്യത്തിലേക്ക്; നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു, വികസന നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് പിണറായി

കേരളത്തിന്‍റെ വലിയ സ്വപ്നം, വയനാട് തുരങ്കപാത യാഥാർത്ഥ്യത്തിലേക്ക്; നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു, വികസന നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് പിണറായി

വയനാട്: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ഇരട്ട തുരങ്കപാതയുടെ ഔദ്യോഗിക നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ മൈതാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്തു. എൽഡിഎഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഈ തുരങ്കപാത യാഥാർഥ്യമാകുന്നതിന്റെ തുടക്കമാണ് ഈ ദിനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയതും രാജ്യത്തെ മൂന്നാമത്തെ വലിയതുമായ തുരങ്കപാതയായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. വാണിജ്യ, വ്യാപാര, ടൂറിസം മേഖലകൾക്ക് ഈ പദ്ധതി വലിയ കുതിപ്പ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ 900 വാഗ്ദാനങ്ങൾ നൽകിയിരുന്നതിൽ 33-ാം ഇനമായിരുന്നു വയനാട് തുരങ്കപാത, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ഈ വാഗ്ദാനങ്ങൾ യാഥാർഥ്യമാകുമെന്ന ശുഭപ്രതീക്ഷ ഉണ്ടായിരുന്നുവെന്നും അത് ഇന്ന് സഫലമാകുന്നതിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനം, ഗെയിൽ പദ്ധതി, ഇടമൺ-കൊച്ചി പവർ ഹൈവേ തുടങ്ങിയവ യാഥാർഥ്യമാക്കിയതിന്റെ തുടർച്ചയാണ് ഈ പദ്ധതിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. വികസന പ്രവർത്തനങ്ങൾക്ക് എതിർപ്പുകളും തടസ്സങ്ങളും നേരിട്ടെങ്കിലും അവയെ മറികടന്നാണ് ഈ നേട്ടങ്ങൾ കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖം പോലുള്ള മറ്റു പ്രധാന പദ്ധതികളും ഈ സർക്കാർ യാഥാർഥ്യമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെയും സ്ഥാപിത താൽപര്യക്കാരുടെയും ഇടപെടലുകൾ തടസ്സങ്ങൾ സൃഷ്ടിച്ചെങ്കിലും, വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാടിന്റെ ദീർഘകാല സ്വപ്നമായ ഈ തുരങ്കപാത യാഥാർഥ്യമാകുന്നത് കേരളത്തിന്റെ അഭിമാന നിമിഷമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ഒ.ആർ. കേളു, എ.കെ. ശശീന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.

Share Email
LATEST
Top