വാഷിംഗ്ടൺ: യുക്രെയ്‌ന് യുദ്ധാനന്തര സുരക്ഷാ ഉറപ്പുകൾ നൽകുന്നതിനായി യൂറോപ്യൻ സഖ്യകക്ഷികളോടും യൂറോപ്പിന് പുറത്തുള്ള മറ്റ് രാജ്യങ്ങളോടും ചേർന്ന് പ്രവർത്തിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഈ ശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങൾ യൂറോപ്യൻ സഖ്യകക്ഷികളുമായും യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളുമായും ചേർന്ന് ഇത്തരത്തിലുള്ള സുരക്ഷാ ഉറപ്പ് നൽകുന്നതിനായി പ്രവർത്തിക്കും,” റൂബിയോ ഫോക്സ് ന്യൂസിനോട് പറഞ്ഞു.
ഈ സുരക്ഷാ ഉറപ്പുകൾ സംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും റൂബിയോ വ്യക്തമാക്കി. ഞങ്ങൾ ഇപ്പോൾ അതിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. സമാധാന കരാറിന് ശേഷം ഇത് നടപ്പിലാക്കേണ്ട ഒന്നായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി സംസാരിച്ചപ്പോൾ താൻ അവിടെ ഉണ്ടായിരുന്നുവെന്നും, യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുമായി ഒരു കൂടിക്കാഴ്ചക്ക് ട്രംപ് നിർദ്ദേശിച്ചുവെന്നും റൂബിയോ സ്ഥിരീകരിച്ചു. മാസങ്ങൾ നീണ്ട പോരാട്ടങ്ങൾക്ക് ശേഷം സമാധാന ചർച്ചകളും വെടിനിർത്തലും തുടരുന്നതിനിടയിലാണ് യുക്രെയ്‌നെ സംരക്ഷിക്കുന്നതിനുള്ള ഉറപ്പുകൾ നൽകാൻ അമേരിക്കയും സഖ്യകക്ഷികളും ശ്രമിക്കുന്നത്.