ടോക്കിയോ: ഫുജി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ആവിഷ്‌കരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ജാപ്പനീസ് സര്‍ക്കാര്‍. യാതൊരു മുന്നറിയിപ്പുമില്ലാതെയാവും അത് സംഭവിക്കുകയെന്ന് വീഡിയോയില്‍ പറയുന്നു. ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനും പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനും വേണ്ടിയാണ് ടോക്യോ മെട്രോപൊളിറ്റന്‍ സര്‍ക്കാര്‍ ഈ വീഡിയോ പുറത്തുവിട്ടത്. എങ്കിലും സമീപകാലത്തൊന്നും ഫുജി അഗ്നിപര്‍വതം പൊട്ടിത്തെറിക്കില്ല.
ഏറെ ജനസാന്ദ്രതയുള്ള ടോക്കിയോയില്‍ അഗ്നിപര്‍വത വിസ്‌ഫോടനമുണ്ടായി ഒന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ചാരം വീഴാന്‍ തുടങ്ങുമെന്നും രണ്ട് മുതല്‍ പത്ത് സെന്റിമീറ്റര്‍വരെ അടിഞ്ഞുകൂടുമെന്നും ടോക്കിയോയുടെ പടഞ്ഞാറന്‍ മേഖലയില്‍ 30 സെന്റിമീറ്റര്‍വരെ ചാരം അടിയുമെന്നും വീഡിയോയില്‍ പറയുന്നു.
ട്രെയിന്‍ ട്രാക്കുകളിലും റണ്‍വേകളിലും ചാരം അടിഞ്ഞുകൂടുന്നതുവഴി ട്രെയിന്‍ ഗതാഗതവും വിമാനഗതാഗതവും തടസപ്പെടും. വാഹനങ്ങളുടെ കാഴ്ച മറയ്ക്കും, റോഡുകളില്‍ വഴുക്കലുണ്ടാവും ഇത് റോഡ് ഗതാഗതവും അപകടകരമാക്കും. നനഞ്ഞ ചാരം കാരണം വൈദ്യുതി ലൈനുകള്‍ തടസ്സപ്പെടുകയും വ്യാപകമായ വൈദ്യുതി തടസ്സങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളും തടസ്സപ്പെടും.
ഇതോടൊപ്പം അഗ്‌നിപര്‍വ്വത ചാരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ആളുകള്‍ക്ക് ശാരീരിക അസ്വസ്ഥതയും ശ്വസന പ്രശ്‌നങ്ങളും അനുഭവപ്പെടാം, പ്രത്യേകിച്ച് ആസ്ത്മ പോലുള്ള മുന്‍കാല രോഗങ്ങളുള്ളവര്‍ക്ക്.
കടകളില്‍ ഭക്ഷണ സാധനങ്ങള്‍ പെട്ടെന്ന് വിറ്റഴിഞ്ഞേക്കും. കുറഞ്ഞത് മൂന്ന് ദിവസത്തേക്കെങ്കിലും അവശ്യവസ്തുക്കള്‍ ശേഖരിച്ചുവെക്കാന്‍ ഉദ്യോഗസ്ഥര്‍ ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയേക്കും.
30 സെന്റിമീറ്ററില്‍ കൂടുതല്‍ ചാരം അടിഞ്ഞുകൂടുകയാണെങ്കില്‍ മാത്രമേ ഒഴിഞ്ഞുപോകാന്‍ ശുപാര്‍ശ ചെയ്യുകയുള്ളൂ, പ്രത്യേകിച്ച് തകരാന്‍ സാധ്യതയുള്ള തടി കെട്ടിടങ്ങള്‍ക്ക് സമീപത്ത് നിന്ന്.
വീഡിയോ സിമുലേഷന്‍ വലിയൊരു മുന്നറിയിപ്പാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. വീഡിയോയില്‍ കാണിക്കുന്ന കാര്യങ്ങള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ സംഭവിക്കുകയുള്ളൂ എന്നും. ഉറപ്പായും സംഭവിക്കുന്ന ഒന്നല്ല എന്നും ടോക്കിയോ സര്‍വകലാശാലയിലെ ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ എഞ്ചിനീയറിംഗ് പ്രൊഫസര്‍ മെഗുറോ ദിസ് വീക്ക് ഇന്‍ ഏഷ്യയോട് പറഞ്ഞു.
ഫുജി അഗ്നപര്‍വതം പൊട്ടിത്തെറിച്ചാല്‍ എന്തെല്ലാം സംഭവിക്കുമെന്ന ഊഹത്തിന്റെ അടിസ്ഥാനത്തില്‍ സൃഷ്ടിച്ച ഏറ്റവും മോശമായ സാഹചര്യങ്ങളാണ് വീഡിയോയില്‍ കാണിക്കുന്നതെന്നും മതിയായ മുന്നറിയിപ്പോ വിവരങ്ങളോ നല്‍കിയില്ലെന്ന പരാതി തങ്ങള്‍ക്ക് മേല്‍ വന്നേക്കാമെന്ന ഭീതി ദുരന്തനിവാരണ ചുമതലയുള്ള വ്യക്തിക്കുണ്ടായിരിക്കാമെന്നും മെഗുറോ പറഞ്ഞു.
What would happen if Mount Fuji erupted?: Japan releases AI video