‘അമ്മ’യിലെ അംഗങ്ങളായ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് എവിടെ? ചോദ്യവുമായി പൊന്നമ്മ ബാബു

‘അമ്മ’യിലെ അംഗങ്ങളായ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് എവിടെ? ചോദ്യവുമായി പൊന്നമ്മ ബാബു

കൊച്ചി: താര സംഘടന അമ്മയിലെ അംഗങ്ങളായ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് എവിടെപ്പോയെന്ന് നടി പൊന്നമ്മ ബാബു. കുക്കു പരമേശ്വരനാണ് സ്ത്രീകളുടെ ദുരനുഭവങ്ങൾ വീഡിയോയിൽ പകർത്തിയതെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. മെമ്മറി കാർഡ് ഹേമ കമ്മിറ്റിയിൽ ഹാജരാക്കിയില്ലെന്ന് പൊന്നമ്മ ബാബു പറഞ്ഞതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

‘രണ്ട് ക്യാമറ അപ്പുറവും ഇപ്പുറവും ഓണാക്കിവച്ചിരിക്കുകയായിരുന്നു. നിങ്ങൾക്ക് ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെങ്കിൽ പറയാൻ പറഞ്ഞു. വേണ്ടപ്പെട്ടവരെ ഇക്കാര്യം അറിയിച്ച് നീതി വാങ്ങിച്ചുതരുമെന്ന് പറഞ്ഞതോടെ പാവങ്ങളായ കുറച്ചുപേർ അവരുടെ വിഷമങ്ങൾ പറഞ്ഞു. എന്തിനാണ് ഷൂട്ട് ചെയ്യുന്നതെന്ന് ഉഷയും പ്രിയങ്കയും ചോദിച്ചിരുന്നു.

കാണിക്കേണ്ടവരെ കാണിക്കണമല്ലോ, ഇങ്ങനെയൊക്കെ ഉണ്ടായത് അവരറിയാൻ വേണ്ടിയാണ് ഷൂട്ട് ചെയ്യുന്നതെന്ന് പറഞ്ഞു. പക്ഷേ പിന്നീട് കുക്കുവിനോട് വീഡിയോയെക്കുറിച്ച് ചോദിക്കുമ്പോൾ സേഫ് ആയി കൈയിലുണ്ടെന്നാണ് പലപ്പോഴും പറഞ്ഞത്. ഇടവേള ബാബുവിനെ ഏൽപ്പിച്ചെന്നും പറഞ്ഞു. പിന്നീട് ഇതിനെപ്പറ്റി പരാമർശം ഉണ്ടായില്ല. അങ്ങനെ നോക്കുമ്പോൾ ഈ ഹാർഡ് ഡിസ്‌ക് എവിടെയാണ്. ആരുടെ കൈയിലാണ്. പാവം മരിച്ചുപോയ ലളിത ചേച്ചിയുടെ കൈയിലായിരിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. ലളിത ചേച്ചി അന്ന് ആ മീറ്റിംഗിൽ ഉണ്ടായിരുന്നു. ലളിത ചേച്ചിയുടെ ആത്മാവ് ഇവർക്ക് മാപ്പ് കൊടുക്കട്ടെ. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ചേച്ചി ഇതിന് ഉത്തരം പറഞ്ഞേനെ’ പൊന്നമ്മ ബാബു പറഞ്ഞു.

Where is the memory card with the footage revealing the hardships of the women members of ‘Amma’? Ponnamma Babu questions

Share Email
LATEST
Top