തിരുവനന്തപുരം: അശ്ലീല സന്ദേശ വിവാദം കനക്കുമ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലക്കും പിന്നാലെ കോൺഗ്രസിലേയും യു ഡി എഫിലേയും വനിതാ നേതാക്കളും കൂട്ടത്തോടെ
രാഹുൽ മാങ്കൂട്ടത്തിനെതിരെ രംഗത്ത്. രാഹുൽ രാജി വെക്കണമെന്നും മാറി നിൽക്കണമെന്നും ഉമ തോമസ് എംഎൽ എ, കെ കെ രമ എം എൽ എ, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ തുടങ്ങിയ നേതാക്കളെല്ലാം പരസ്യമായി ആവശ്യപ്പെട്ടു.
രാഹുൽ രാജിവെച്ചേ മതിയാകൂ എന്നാണ് കെ കെ രമ പ്രതികരിച്ചത്. നിരവധി ആരോപണങ്ങൾ വന്നസ്ഥിതിക്ക് രാഹുൽ മാറിനിൽക്കുന്നതാണ് നല്ലെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ഇതുവരെ കേൾക്കാത്ത തരത്തിലുള്ള ആരോപണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
രാഹുൽ എത്രയും വേഗം രാജിവെക്കണമെന്നും ഒരു നിമിഷം മുമ്പെ രാജിവെച്ചാൽ അത്രയും നല്ലതാണെന്നും ഉമ തോമസ് എംഎൽഎ പറഞ്ഞു. ധാര്‍മിക ഉത്തരവാദിത്തമാണ് അത്. കോണ്‍ഗ്രസ് പ്രസ്ഥാനം സ്ത്രീകള്‍ക്കൊപ്പമാണ് എന്നുമെന്നും ഉമ തോമസ് പറഞ്ഞു. ജനങ്ങള്‍ തെരഞ്ഞെടുത്ത വ്യക്തിയാണ് രാഹുൽ. ഇന്നലെ തന്നെ രാജിവെയ്ക്കുമെന്നാണ് കരുതിയത്. രാഹുൽ ഇതുവരെ ഒരു മാനനഷ്ടകേസ് പോലും നൽകിയിട്ടില്ല. അതിനര്‍ത്ഥം ഇതൊക്കെ ചെയ്തുവെന്ന് തന്നെ അല്ലേ അര്‍ഥമെന്നും ഉമ തോമസ് എംഎൽഎ പറഞ്ഞു. കോൺഗ്രസ് സ്ത്രീ പക്ഷ നിലപാടെടുക്കും എന്നാണ് ബിന്ദു കൃഷ്ണ പ്രതികരിച്ചത്.