വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു

വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു

ഷിക്കാഗോ: വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസ് ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 28-ന് നോർത്ത് ബ്രൂക്കിൽ വെച്ച് വിപുലമായി ആഘോഷിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഡബ്ല്യു.എം.സി, ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ ആഗോള കൂട്ടായ്മകളിൽ ഒന്നാണ്.

ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് ഷിക്കാഗോ മലയാളി അസോസിയേഷന്റെ അടുത്ത ടേമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്, വേൾഡ് മലയാളി കൗൺസിൽ അംഗം കൂടിയായ ജോസ് മണക്കാടിന് സ്വീകരണവും നൽകി. പരമ്പരാഗതമായ ഓണസദ്യയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പ്രൊവിൻസ് പ്രസിഡന്റ് ബെഞ്ചമിൻ തോമസ് അധ്യക്ഷത വഹിച്ചു. പ്രൊവിൻസ് യൂത്ത് ഫോറം പ്രസിഡന്റ് അലോണ ജോർജിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിലേക്ക് പ്രൊവിൻസ് ചെയർമാൻ മാത്തുക്കുട്ടി ആലുംപറമ്പിൽ ഏവർക്കും സ്വാഗതം ആശംസിച്ചു.

അധ്യക്ഷ പ്രസംഗത്തിൽ ബെഞ്ചമിൻ തോമസ് എല്ലാവർക്കും ഓണാശംസകൾ നേർന്നു. ജോസ് മണക്കാടിനും അദ്ദേഹത്തിന്റെ ടീമിനും എല്ലാവിധ വിജയങ്ങളും അദ്ദേഹം ആശംസിച്ചു.

തിരുവല്ല മാർത്തോമ്മാ കോളേജിലെ മുൻ അധ്യാപകനും പ്രൊവിൻസിന്റെ അഡൈ്വസറി ബോർഡ് ചെയർമാനുമായ പ്രൊഫ. തമ്പി മാത്യു ഓണസന്ദേശം നൽകി. ഐക്യവും സമാധാനവും പരസ്പര സ്നേഹവും ഒരുമയോടെ ജീവിക്കാൻ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

മാത്യൂസ് എബ്രഹാം (മുൻ പ്രൊവിൻസ് ചെയർമാൻ), ഫിലിപ്പ് പുത്തൻപുരയിൽ (വൈസ് പ്രസിഡന്റ്), പ്രവീൺ തോമസ് (ഫോക്കാന വൈസ് പ്രസിഡന്റ്) എന്നിവർ തങ്ങളുടെ ചെറുപ്പകാലത്തെ ഓണാനുഭവങ്ങൾ പങ്കുവെക്കുകയും ജോസ് മണക്കാടിന് ആശംസകൾ നേരുകയും ചെയ്തു.

മറുപടി പ്രസംഗത്തിൽ, ജോസ് മണക്കാട് എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യർത്ഥിച്ചു. വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. പ്രൊവിൻസ് സെക്രട്ടറി തോമസ് ഡിക്രൂസ് യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു. പ്രൊവിൻസ് വൈസ് ചെയർപേഴ്സൺ ബീനാ ജോർജ് പരിപാടിയുടെ അവതാരകയായി പ്രവർത്തിച്ചു.

2017-ൽ പ്രവർത്തനമാരംഭിച്ച വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസ്, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് നിരവധി ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്തുവരുന്നു. കേരളത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 11 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകാൻ കഴിഞ്ഞത് തങ്ങളുടെ ഏറ്റവും വലിയ നേട്ടമാണെന്ന് ഭാരവാഹികൾ പറഞ്ഞു. ഈ പ്രവർത്തനങ്ങൾക്കായി സഹകരിച്ച എല്ലാവർക്കും അവർ നന്ദി അറിയിച്ചു.

World Malayali Council Chicago Province organized Onam celebrations

Share Email
LATEST
Top