ബീജിങ്: ചൈനയുടെ ബഹിരാകാശ നിലയമായ ടിയാങ്‌ഗോങിലെ ബഹിരാകാശ യാത്രികര്‍ക്ക് കൂട്ടായി പുതിയൊരു അംഗം കൂടിയെത്തുന്നു. യാത്രികര്‍ക്ക് പിന്തുണ നല്‍കുന്നതിനായി തയ്യാറാക്കിയ വുക്കോങ് എന്ന എഐ ചാറ്റ് ബോട്ടാണ് ചൈന ബഹിരാകാശ നിലയത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 16-ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ജേണി റ്റു ദി വെസ്റ്റ് എന്ന ചൈനീസ് നോവലിലെ കഥാപാത്രമായ സുന്‍ വുകോങ് അഥവാ മങ്കി കിങ് എന്നകഥാപാത്രത്തിന്റെ പേരാണ് ചാറ്റ്‌ബോട്ടിന് നല്‍കിയിരിക്കുന്നത്.
ആസൂത്രണം, ഗതിനിര്‍ണയം എന്നിവയില്‍ ചൈനീസ് സഞ്ചാരികളെ സഹായിക്കുന്നതിന് വേണ്ടിയാണ് വുക്കോങ് എഐ രൂപകല്‍പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം മുതല്‍ ചാറ്റ്‌ബോട്ട് ബഹിരാകാശ നിലയത്തില്‍ സജീവമാണ്. മൂന്ന് ബഹിരാകാശ സഞ്ചാരികളുടെ ബഹിരാകാശ നടത്തത്തിലും സഹായിയായി വുക്കോങ് ഇതിനകം പ്രവര്‍ത്തിച്ചുകഴിഞ്ഞു.
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ലാര്‍ജ് ലാംഗ്വേജ് മോഡലാണ് വുക്കോങ് എഐ. രണ്ട് മോഡ്യൂളുകളാണ് ഇതിനുള്ളത്. അതിലൊന്ന് ബഹിരാകാശ നിലയത്തിലും രണ്ടാമത്തേത് ഗ്രൗണ്ട് സ്‌റ്റേഷനിലും സ്ഥാപിക്കും. ബഹിരാകാശ നിലയത്തിലെ മോഡ്യൂള്‍ സഞ്ചാരികളുടെ ജോലികളില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി സഹായിക്കുമ്പോള്‍, ഗ്രൗണ്ട് സ്‌റ്റേഷനിലെ മോഡ്യൂള്‍ വിവരങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യാന്‍ സഹായിക്കുന്നു. ഇവ രണ്ടിന്റേയും സംയോജനത്തിലൂടെയാണ് വുക്കോങ് എഐ ഒരു ഇന്റലിജന്റ് അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കുന്നത്.
ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട് ചൈന അധികം സുതാര്യത ഉറപ്പുവരുത്താത്തതിനാല്‍ വുക്കോങിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
തദ്ദേശീയമായി നിര്‍മിച്ച ഓപ്പണ്‍ സോഴ്‌സ് എഐ മോഡല്‍ അടിസ്ഥാനമാക്കിയാണ് വുക്കോങ് എഐ ചാറ്റ്‌ബോട്ട് ഒരുക്കിയത്. എയറോസ്‌പേസ് ഫ്‌ലൈറ്റ് ഡേറ്റ ഉപയോഗിച്ചാണ് വുക്കോങിനെ പരിശീലിപ്പിച്ചത്. ജൂലായ് 15 മുതല്‍ ബഹിരാകാശ നിലയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മാസം ആദ്യം മുതലാണ് യാത്രികര്‍ ഇത് ജോലികളില്‍ ഉപയോഗിച്ച് തുടങ്ങിയത്.
ഇത് ആദ്യമായാണ് ടിയാങ്‌ഗോങ് ബഹിരാകാശ നിലയത്തില്‍ ചൈന ഒരു ലാര്‍ജ് ലാംഗ്വേജ് മോഡല്‍ അവതരിപ്പിക്കുന്നത്. സ്വന്തമായി ബഹിരാകാശ നിലയവും വിജയകരമായ ചാന്ദ്രദൗത്യങ്ങളും ഉള്‍പ്പടെ ആഗോള ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ശക്തരായ രാജ്യമാണ് ഇന്ന് ചൈന. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചൈനയുമായി നേരിട്ട് മത്സരിക്കുന്നവരാണ്. അതിനിടെ അത്യാധുനിക എഐ സാങ്കേതിക വിദ്യകള്‍ കൂടി എത്തിച്ച് ബഹിരാകാശ നിലയത്തെ കൂടുതല്‍ ആധുനികമാക്കിയിരിക്കുകയാണ് ചൈന.
Wukong AI chat bot joins astronauts on China’s space station