തിരുവനന്തപുരം: വിമാനത്തില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. വട്ടപ്പാറ സ്വദേശി ജോസിന് എതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത് .തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഇന്നലെയാണ് സംഭവം നടന്നത്.
ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരായിരുന്നു ജോസും തിരുവനന്തപുരം സ്വദേശിയായ യുവതിയും. ജോസിന്റെ തൊട്ട് മുന്‍ സീറ്റിലാണ് പരാതിക്കാരിയായ യുവതി ഇരുന്നത്. യാത്രക്കിടെ ജോസ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോള്‍ യുവതി എയര്‍ലൈന്‍സ് അധികൃതരെ വിവരം അറിയിച്ചു. ഇവര്‍ വിവരം പൊലീസിന് കൈമാറി. വിമാനത്താവളത്തില്‍ ജോസിനെ തടഞ്ഞുവെച്ച ശേഷം വലിയതുറ പൊലീസ് എത്തിയപ്പോള്‍ കൈമാറുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Young man arrested for misbehaving with fellow passenger on flight