ട്രംപിനൊപ്പം വെർച്വൽ യോഗം ചേർന്ന് സെലെൻസ്കിയും നാറ്റോ നേതാക്കളും: യോഗം അലാസ്ക ഉച്ചകോടിക്ക് മുന്നോടിയായി

ട്രംപിനൊപ്പം  വെർച്വൽ യോഗം ചേർന്ന്   സെലെൻസ്കിയും നാറ്റോ നേതാക്കളും: യോഗം അലാസ്ക ഉച്ചകോടിക്ക് മുന്നോടിയായി

ബെർലിൻ: റഷ്യ – യുക്രൈൻ യുദ്ധം അവസാനിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായുള്ള അലാസ്ക ഉച്ചകോടിക്ക് മുന്നോടിയായ നാറ്റോ രാജ്യങ്ങളുടെ കൂടിക്കാഴ്ച. ട്രംപിനൊപ്പം യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി, നാറ്റോ രാജ്യങ്ങളിലെ നേതാക്കൾ എന്നിവർ ബുധനാഴ്ച ചേർന്ന വെർച്വൽ യോഗങ്ങളിൽ പങ്കെടുത്തു. ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസിന്റെ നേതൃത്വത്തിൽ നടന്ന ഈ വെർച്വൽ കൂടിക്കാഴ്ചയിൽ യുക്രൈന്റെയും യൂറോപ്പിന്റെയും ആശങ്കകൾ ഉന്നയിക്കപ്പെട്ടു. യുക്രൈന്റെ പരമാധികാരവും സുരക്ഷാ ഉറപ്പുകളും ഉറപ്പാക്കണമെന്നും, റഷ്യയുടെ കൈവശമുള്ള യുക്രൈൻ പ്രദേശങ്ങളുടെ നിയമപരമായ അംഗീകാരം ഉണ്ടാകരുതെന്നും മെർസ്, ട്രംപിനോട് ആവശ്യപ്പെട്ടു. യുക്രൈനെ ഒഴിവാക്കിയുള്ള ചർച്ചകൾ ഫലപ്രദമാകില്ലെന്ന് സെലെൻസ്കിയും മുന്നറിയിപ്പ് നൽകി.

വെള്ളിയാഴ്ച അലാസ്കയിലെ ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്സണിൽ നടക്കുന്ന ട്രംപ്-പുടിൻ ഉച്ചകോടി യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിർണായക തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ട്രംപ് ഈ യോഗത്തെ നിർണായകം എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും യുക്രൈന്റെ ചില പ്രദേശങ്ങൾ വിട്ടുകൊടുക്കേണ്ടി വരുമെന്നുള്ള സൂചനയെക്കുറിച്ച് യൂറോപ്യൻ സഖ്യകക്ഷികൾ ആശങ്ക ഉയർത്തി. റഷ്യയെ സമ്മർദ്ദത്തിലാക്കാനും, യുക്രൈന് നാറ്റോ അംഗത്വം ഉൾപ്പെടെയുള്ള ദീർഘകാല സുരക്ഷാ ഉറപ്പുകൾ നൽകാനും യൂറോപ്പും യുക്രൈനും ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ യുക്രൈന്റെ ശബ്ദം കേൾക്കേണ്ടതിന്റെ പ്രാധാന്യമാണ് നാറ്റോ രാജ്യങ്ങൾ യോഗത്തിൽ ഊന്നിപ്പറഞ്ഞത്.

Zelensky and NATO leaders hold virtual meeting with Trump ahead of Alaska summit

Share Email
LATEST
Top