ഇന്ത്യൻ ലാറ്റിൻ റൈറ്റ് കമ്മ്യൂണിറ്റിയുടെ അപ്പസ്തോലേറ്റിന് 25 വർഷം; രജത ജൂബിലി ആഘോഷത്തോടൊപ്പം വിപുലമായ ഓണാഘോഷവും നടന്നു

ഇന്ത്യൻ ലാറ്റിൻ റൈറ്റ് കമ്മ്യൂണിറ്റിയുടെ അപ്പസ്തോലേറ്റിന് 25 വർഷം; രജത ജൂബിലി ആഘോഷത്തോടൊപ്പം  വിപുലമായ ഓണാഘോഷവും നടന്നു

ന്യൂയോർക്ക്: അക്രമം വിനാശമാണെന്നും അതിനെ സ്നേഹവും പരസ്പര ധാരണയും കൊണ്ട് മാത്രമേ ഇല്ലാതാക്കാൻ കഴിയൂ എന്നും റോമൻ കത്തോലിക് ഡയോസിസ് ഓഫ് ബ്രൂക്ലിൻ ബിഷപ്പ് റോബർട്ട് ബ്രെന്നൻ പറഞ്ഞു. അമേരിക്കൻ സമൂഹത്തിൽ വർധിച്ചുവരുന്ന വെടിവെപ്പടക്കമുള്ള അക്രമപ്രവണതകളെ അദ്ദേഹം ശക്തമായി അപലപിച്ചു. യേശുക്രിസ്തുവിന്റെ സ്നേഹസന്ദേശം ഹൃദയത്തിലും പ്രവർത്തിയിലും പ്രതിഫലിപ്പിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.

ലത്തീൻ ആരാധനാക്രമം പിന്തുടരുന്ന ഇന്ത്യൻ റോമൻ കത്തോലിക്കർക്കായി രൂപത സ്ഥാപിച്ച അപ്പസ്തോലേറ്റിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ദിവ്യബലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സമൂഹം രൂപതയിൽ കൊണ്ടുവന്ന ആത്മാർത്ഥത നിറഞ്ഞ ഊർജ്ജസ്വലതയിൽ താൻ അതീവ സന്തുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്വീൻസിലെ ഫ്ലോറൽ പാർക്കിലുള്ള ഔർ ലേഡി ഓഫ് ദി സ്നോസ് പള്ളിയിലും പാരിഷ് ഹാളിലുമായി നടന്ന രജത ജൂബിലി ആഘോഷത്തോടൊപ്പം കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷവും നടന്നു. ബിഷപ്പ് ബ്രെന്നൻ ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഫാ. റോബർട്ട് അമ്പലത്തിങ്കൽ ബിഷപ്പിന് പൊന്നാടയും, ജോവൻ പാൽമേഴ്സൺ മലയാളി സമൂഹത്തിന്റെ പ്രതീകമായി നിർമ്മിച്ച ഒരു കൊച്ചുവള്ളവും സമ്മാനിച്ചു. ഫാ. ഫ്രെഡ് മറാനോയെ അലോഷ്യസ് ആറുകാട്ടിലും, ഫാ. റോബർട്ട് അമ്പലത്തിങ്കലിനെ നോബി അഗസ്റ്റിനും പൊന്നാട നൽകി ആദരിച്ചു.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഹാബലിയെ വരവേറ്റും, തിരുവാതിരയും ഓണപ്പാട്ടുകളും അവതരിപ്പിച്ചും പിഞ്ചുകുഞ്ഞുങ്ങൾ നൃത്തം ചെയ്തും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. കമ്മ്യൂണിറ്റി അംഗങ്ങൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ ഉൾപ്പെടുത്തി ഓണസദ്യ ഒരുക്കി. സ്നേഹത്തിൻ്റെയും ഒരുമയുടെയും നന്മ വിളിച്ചോതുന്നതായിരുന്നു ഈ ഓണസദ്യ.

1994-ൽ ‘ഇന്ത്യ ലാറ്റിൻ കാത്തലിക് അസോസിയേഷൻ’ എന്ന പേരിൽ ന്യൂയോർക്കിൽ രജിസ്റ്റർ ചെയ്ത ഒരു സംഘടനയിലൂടെയാണ് ഈ കൂട്ടായ്മയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതിനു മുൻപ് അംഗങ്ങൾ വീടുകളിൽ സൗഹൃദ സമ്മേളനങ്ങൾ നടത്തിയിരുന്നു. സാംസ്കാരിക പാരമ്പര്യങ്ങൾ വളർത്തുക, അവ അടുത്ത തലമുറക്ക് കൈമാറുക, പൊതുഭാഷയായ മലയാളത്തിൽ വിശ്വാസം പങ്കിടുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുക, കേരളത്തിലെ പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളെ സഹായിക്കുക എന്നിവയായിരുന്നു ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങൾ.

സിറിൾ പെരേര, തിയോബാൾഡ് പെരേര, ആർനോൾഡ് ഏലിയാസ്, വില്ലി പെരേര, ജോസഫ് ഫെർണാണ്ടസ്, ക്രിസ്റ്റഫർ ഫെർണാണ്ടസ്, ജോർജ് എബ്രഹാം, പ്രിസില്ല പരമേശ്വരൻ, മാർസെൽ കോയിൽപറമ്പിൽ, ഫാ. സൈമൺ പള്ളിപ്പറമ്പിൽ, ഫാ. ജെറോം അർത്തശ്ശേരിൽ, ഫാ. ജോസഫ് കോയിൽപറമ്പിൽ, ഫാ. ആന്റണി സേവിയർ, ഫാ. ബെനഡിക്ട് പോൾ, മുൻ വിജയപുരം ബിഷപ്പ് ഡോ. പീറ്റർ തുരുത്തിക്കോണം, ഫാ. വർഗ്ഗീസ് വടക്കേത്തയ്യിൽ, പ്രൊഫ. ജോസഫ് ചെറുവേലിൽ തുടങ്ങി ഒട്ടേറെ വൈദികരും അൽമായരും സമൂഹത്തിൻ്റെ രൂപീകരണത്തിനും സാമൂഹികവും ആത്മീയവുമായ ഉന്നമനത്തിനുമായി നിസ്തുലമായ സേവനങ്ങൾ നൽകി.

സീറോ മലബാർ, സീറോ മലങ്കര, ക്നാനായ സഭകൾ ഇന്ത്യൻ കത്തോലിക്കർക്കിടയിൽ സ്വന്തം രൂപീകരണങ്ങൾ നടത്തിയപ്പോൾ, ബ്രൂക്ലിൻ രൂപത സാർവത്രിക സഭയിലെ ഇന്ത്യക്കാർക്കായി ഒരു അപ്പസ്തോലേറ്റ് സ്ഥാപിച്ച് ആത്മീയവും സാംസ്കാരികവുമായ കാര്യങ്ങൾക്കുള്ള പിന്തുണയും ഉത്തരവാദിത്വവും ഏറ്റെടുത്തു. കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു വൈദികനെ ചുമതലപ്പെടുത്തുകയും അൽമായ സമിതിയെ പ്രവർത്തനങ്ങൾ ഏൽപ്പിക്കുകയും ചെയ്തു.

ന്യൂയോർക്കിലെ വിവിധ റോമൻ കത്തോലിക്കാ ഇടവകകളിൽ അംഗങ്ങളായി പ്രവർത്തിക്കുമ്പോഴും, മാസത്തിലൊരിക്കൽ ഭാഷയുടെയും സംസ്കാരത്തിൻ്റെയും പേരിൽ ഒന്നിക്കാൻ ലഭിക്കുന്ന അവസരം അവർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. വിശ്വാസം പ്രകടിപ്പിക്കുന്നതിൽ ഭാഷയും സംസ്കാരവും വഹിക്കുന്ന പങ്ക് പൂർണ്ണമായി മനസ്സിലാക്കിക്കൊണ്ട് രൂപത കഴിഞ്ഞ 25 വർഷമായി ഈ സമൂഹത്തിന് പിന്തുണ നൽകുന്നു.

ഈ വർഷത്തെ പ്രവർത്തന സമിതിക്ക് പ്രീജിത് പൊയ്യത്തുരുത്തി, സജിത്ത് പനക്കൽ, നിർമൽ ഹെൻറി, അലൻ കോയിപ്പറമ്പിൽ, ജൂഡ് കുറ്റിക്കാട്ട്, ട്വിങ്കിൾ അജിത്, വിനയ രാജുലാൽ, ടോം അജിത്, നോബി അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകുന്നു.

25 years of the Indian Apostolate of the Diocese of Brooklyn; Silver Jubilee celebration accompanied by extensive Onam celebrations by the community

Share Email
LATEST
More Articles
Top