ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഫണ്ട് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലൊന്നായ അര്‍ത്ഥ ഭാരത് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് മൂന്ന് ബില്യണ്‍ ഡോളറിന്റെ എയുഎം (Assets Under Management) ലക്ഷ്യമിട്ട് ആഗോള വിപുലീകരണത്തിന് തുടക്കം കുറിച്ചു.
കമ്പനി മിഡിൽ ഈസ്റ്റിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. പ്രത്യേകിച്ച് ഇന്ത്യൻ പ്രവാസികളുടെ സാന്നിധ്യവും, സോവറിന്‍ ഫണ്ടുകളും ക്വാസി-സോവറിന്‍ ഫണ്ടുകളുടെയും വളരുന്ന താൽപ്പര്യവും പരിഗണിച്ച് അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റിൽ (ADGM) സാന്നിധ്യം ഉറപ്പിക്കാനാണ് ശ്രമം. മുബദാല, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി തുടങ്ങി പ്രമുഖ സോവറിന്‍ ഫണ്ടുകളിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപം വർധിച്ചുവരികയാണെന്ന് കമ്പനി മാനേജിംഗ് പാർട്ണർ സച്ചിന്‍ സാവ്രികര്‍ വ്യക്തമാക്കി.
ഗിഫ്റ്റ് സിറ്റിയില്‍ 2,300 ചതുരശ്ര അടിയുള്ള പുതിയ ഓഫിസിലേക്ക് പ്രവർത്തനം മാറ്റിയ കമ്പനി, ദുബായിൽ 1,200 ചതുരശ്ര അടിയുള്ള ഓഫിസും തുറന്നിട്ടുണ്ട്. അതേപോലെ അബുദാബി ഗ്ലോബൽ മാർക്കറ്റിലും സമാന വലുപ്പത്തിലുള്ള ഓഫിസ് ആരംഭിക്കാനുള്ള പദ്ധതികളുണ്ട്. യുഎസിന് പുറത്തെ നിക്ഷേപകരിൽ നിന്ന് മൂലധനം ആകർഷിക്കുന്നതിനായി ഫീഡർ ഫണ്ടുകളും അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.
കമ്പനിയുടെ പ്രധാന ഫണ്ടുകൾ:
- അര്‍ത്ഥ ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് – ഇന്ത്യയിലെ ഏറ്റവും വലിയ ഫോറിൻ ഡിസ്ട്രസ്ഡ് ഡെറ്റ് ഫണ്ടുകളിലൊന്ന്. ഏഴ് വർഷത്തെ കാലാവധിയുള്ള ഫണ്ടിൽ, രണ്ട് വർഷത്തിനുള്ളിൽ ആറു മടങ്ങ് വരുമാനം നേടി.
- അര്‍ത്ഥ ഗ്ലോബല്‍ മള്‍ട്ടിപ്ലയര്‍ ഫണ്ട് – യുഎസ് വിപണികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലോംഗ്-ഷോർട്ട് ഹെഡ്ജ് ഫണ്ട്. രണ്ടര മാസത്തിനുള്ളിൽ 13.4% അബ്സൊല്യൂട്ട് റിട്ടേൺ നൽകി.
- അര്‍ത്ഥ ഭാരത് അബ്സൊല്യൂട്ട് റിട്ടേണ്‍ ഫണ്ട് – ഹ്രസ്വകാല മിച്ചം നിക്ഷേപിക്കാൻ അനുയോജ്യം. ഇക്വിറ്റികൾ, കമ്മോഡിറ്റികൾ, പലിശ നിരക്ക് ഫ്യൂച്ചറുകൾ എന്നിവയിൽ നിക്ഷേപിക്കുന്ന യുഎസ് ഡോളർ അടിസ്ഥാനത്തിലുള്ള ആർബിട്രേജ് ഫണ്ട്.
ഫീഡർ ഫണ്ടുകൾക്കായി കമ്പനി മൗറീഷ്യസിലും ഓഫീസ് ആരംഭിക്കാനുള്ള നടപടികളിൽ ആണ്.
$3 Billion AUM Target; Artha Bharat embarks on global expansion













