എരഞ്ഞിപ്പാലത്തെ യുവതിയുടെ മരണം: ആൺ സുഹൃത്ത് കസ്റ്റഡിയിൽ

എരഞ്ഞിപ്പാലത്തെ യുവതിയുടെ മരണം: ആൺ സുഹൃത്ത് കസ്റ്റഡിയിൽ

കോഴിക്കോട് : എരഞ്ഞിപ്പാലത്ത് യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തും. കൊല്ലം സ്വദേശിനി ആയിഷ റഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ്, ബഷീറുദ്ദീൻ എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു.

ജിം ട്രെയിനറായ ബഷീറുദ്ദീനുമായി ആയിഷ റഷ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെച്ചൊല്ലി ഇവർക്കിടയിൽ തർക്കങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. യുവതി യുവാവിന് അയച്ച ഒരു സന്ദേശം അന്വേഷണത്തിനിടെ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ പൊലീസ് നീക്കം നടത്തുന്നത്.

അതേസമയം, ആയിഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും കുടുംബം ആരോപിച്ചു. തുടർന്ന്, ബഷീറുദ്ദീനാണ് മരണത്തിന് പിന്നിലെന്ന് ആരോപിച്ച് ചില ചാനലുകൾ വാർത്ത നൽകിയിരുന്നു. എന്നാൽ, ഔദ്യോഗികമായി കൊലപാതകക്കുറ്റം ചുമത്തിയതായി വിവരമില്ല. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Share Email
LATEST
More Articles
Top