ട്രംപ് ഭരണകൂടത്തിന്റെ കീഴിലെ ഏറ്റവും വലിയ കുടിയേറ്റ വേട്ട: ജോര്‍ജിയയിലെ ഹ്യുണ്ടായ് പ്ലാന്റിൽ മിന്നൽ റെയ്ഡിൽ 475 കുടിയേറ്റക്കാർ അറസ്റ്റിൽ

ട്രംപ് ഭരണകൂടത്തിന്റെ കീഴിലെ ഏറ്റവും വലിയ കുടിയേറ്റ വേട്ട:  ജോര്‍ജിയയിലെ ഹ്യുണ്ടായ് പ്ലാന്റിൽ മിന്നൽ റെയ്ഡിൽ 475 കുടിയേറ്റക്കാർ അറസ്റ്റിൽ

വാഷിങ്ടണ്‍: സമീപകാല യുഎസ് ചരിത്രത്തിലെ ഏറ്റവും വിപുലമായ കുടിയേറ്റ റെയ്ഡുകളിലൊന്നിനാണ് വ്യാഴാഴ്ച ജോര്‍ജിയയിലെ ഹ്യുണ്ടായ് പ്ലാന്റ് വേദിയായത്. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള കമ്പനികളായ ഹ്യുണ്ടായിയും എല്‍ജി എനര്‍ജി സൊല്യൂഷനും സംയുക്തമായി നടത്തുന്ന ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് സ്ഥിതി ചെയ്യുന്ന ജോര്‍ജിയയിലെ എല്ലാബെല്ലിലുള്ള ഹ്യുണ്ടായ് മെറ്റാപ്ലാന്റിലാണ് റെയ്ഡ് നടന്നത്.

തെക്കുകിഴക്കന്‍ ജോര്‍ജിയയിലെ ഒരു ശാന്തമായ പ്രദേശത്താണ് ഈ പ്ലാന്റ് വ്യാപിച്ചുകിടക്കുന്നത്. റെയ്ഡില്‍ 475 പേരാണ് അറസ്റ്റിലായത്. ഇവരില്‍ ഭൂരിഭാഗവും കൊറിയന്‍ പൗരന്മാരായിരുന്നു. മാസങ്ങളായി ആസൂത്രണം ചെയ്ത നീക്കത്തിനൊടുവിലായിരുന്നു ഓപ്പറേഷന്‍.

പ്ലാന്റിലേക്കുള്ള വഴികളെല്ലാം തടഞ്ഞ് കനത്ത സുരക്ഷാ വലയം തീര്‍ത്ത ശേഷമായിരുന്നു റെയ്ഡ്. 500 സുരക്ഷ ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. റെയ്ഡ് വാര്‍ത്ത ഫാക്ടറിയില്‍ പടര്‍ന്നതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച തൊഴിലാളികള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടായി. ചിലര്‍ പ്ലാന്റിനുള്ളിലെ മാലിന്യ കുളത്തിലേക്ക് എടുത്ത് ചാടുകയും മറ്റുചിലര്‍ എയര്‍ ഡക്റ്റുകളില്‍ ഒളിച്ചതായും യുഎസ് അധികൃതര്‍ അറിയിച്ചു.

തൊഴിലാളികളെ ഭിത്തികളോട് ചേര്‍ത്ത് നിരനിരയായി നിര്‍ത്തിയ ശേഷമാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. യുഎസില്‍ നിയമപരമായ തങ്ങുന്നവരെ പോകാന്‍ അനുവദിക്കുകയും ബാക്കിയുള്ളവരെ കസ്റ്റഡിയിലെടുത്ത് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ഫെഡറല്‍, സ്റ്റേറ്റ് ഏജന്‍സികളെല്ലാം ആഴ്ചകളോളം രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ച്, സൂക്ഷ്മമായി ഏകോപിപ്പിച്ച ഒരു അന്വേഷണത്തിന്റെ ഫലമായിരുന്നു റെയ്‌ഡെന്ന് അധികൃതര്‍ പറഞ്ഞു. നിലവിലെ ട്രംപ് ഭരണകൂടത്തിന്റെ കീഴില്‍ നടക്കുന്ന ഏറ്റവും വലിയ കുടിയേറ്റ വേട്ടയാണിത്.

പിടിയിലായ തൊഴിലാളികളെ ദക്ഷിണ കൊറിയയിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയാണ് തടങ്കലിലാക്കിയ തൊഴിലാളികളെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മടക്കി കൊണ്ടുവരാന്‍ തീരുമാനിച്ചത്. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനം അയക്കുമെന്ന് കൊറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കസ്റ്റഡിയിലെടുത്ത 475 പേരില്‍ 300 പേരാണ് കൊറിയക്കാരായി ഉള്ളത്. 23 മെക്‌സിക്കന്‍ തൊഴിലാളികളുമുണ്ട്.

475 immigrants arrested in lightning raid at Hyundai plant in Georgia

Share Email
LATEST
Top