ജെയിംസ് കൂടൽ
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു മാറ്റത്തിന്റെ കാറ്റുവീശുന്നു എന്നതിൻ്റെ സൂചനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുറയുന്നുവെന്ന് വ്യക്തമാക്കുന്ന സർവേ റിപ്പോർട്ടുകൾ നൽകുന്നു. കഴിഞ്ഞ ജൂലൈ ഒന്നിനും ഓഗസ്റ്റ് 14-നും ഇടയിൽ ‘ഇന്ത്യ ടുഡേ–സി വോട്ടർ മൂഡ് ഓഫ് ദ നേഷൻ’ ഇന്ത്യയിലെ എല്ലാ പാർലമെൻ്റ് മണ്ഡലങ്ങളിലും നടത്തിയ സർവേയിൽ മോദിയുടെയും കേന്ദ്രസർക്കാരിൻ്റെയും ജനപിന്തുണയിൽ വലിയ ഇടിവ് സംഭവിച്ചതായി കണ്ടെത്തി. 54,778 ആളുകളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. സർവേ റിപ്പോർട്ട് വിലയിരുത്തുമ്പോൾ, മോദി സർക്കാർ ജനങ്ങളിൽനിന്ന് അകലുന്നുവെന്ന് മനസ്സിലാക്കാം. അതേസമയം, കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യത്തിന് ജനപിന്തുണ ഏറിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ സർവേയിൽ കേന്ദ്രസർക്കാരിന്റെ ജനപിന്തുണ 62.1 ശതമാനമായിരുന്നുവെങ്കിൽ, ഓഗസ്റ്റിൽ ഇത് 52.4 ശതമാനമായി കുറഞ്ഞു. പുതിയ സർവേയിൽ, 12.7 ശതമാനം പേർ മോദി സർക്കാരിന്റെ പ്രകടനം ശരാശരിയാണെന്നും 12.6 ശതമാനം പേർ മോശമാണെന്നും 13.8 ശതമാനം പേർ വളരെ മോശമാണെന്നും അഭിപ്രായപ്പെട്ടു. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ, ഇന്ത്യ സഖ്യം 208 സീറ്റുകൾ നേടുമെന്നാണ് സർവേയുടെ പ്രവചനം. ഫെബ്രുവരിയിലെ സർവേയിൽ ഇത് 188 സീറ്റുകളായിരുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ ജനപിന്തുണ 58 ശതമാനമായി കുറഞ്ഞു, ഫെബ്രുവരിയിൽ ഇത് 62 ശതമാനത്തിന് മുകളിലായിരുന്നു.
ഈ സർവേ റിപ്പോർട്ടുകൾ ജനങ്ങളുടെ മനസ്സാണ് രേഖപ്പെടുത്തുന്നതെങ്കിൽ, മോദി സർക്കാർ ജനദ്രോഹ നടപടികളിലേക്ക് നീങ്ങുന്നു എന്ന് വിലയിരുത്താം. പഹൽഗാമിലെ ഭീകരാക്രമണം സുരക്ഷാ വീഴ്ച കാരണമാണെന്ന് രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ നേരത്തേ ആരോപിച്ചിരുന്നു. ഈ ആക്രമണത്തിന് പാകിസ്ഥാൻ സൈന്യത്തിന് നൽകിയ മറുപടിയെ രാഷ്ട്രീയ നേട്ടമാക്കാൻ മോദിക്കും എൻ.ഡി.എയ്ക്കും കഴിയില്ലെന്ന് സർവേ സൂചിപ്പിക്കുന്നു. 2016-ൽ കശ്മീരിലെ ഭീകരാക്രമണത്തിന് മറുപടിയായി സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ ബി.ജെ.പി രാഷ്ട്രീയ നേട്ടമായി ഉപയോഗിച്ചാണ് അധികാരത്തുടർച്ച നേടിയതെന്ന് വ്യക്തമാണ്. എന്നാൽ ഇത്തവണ പഹൽഗാമിൽ നടന്ന തിരിച്ചടിക്ക് അത്തരമൊരു രാഷ്ട്രീയ നേട്ടം ബി.ജെ.പിക്ക് ലഭിക്കില്ലെന്നാണ് സർവേ സൂചന നൽകുന്നത്.
2024-ലെ തിരഞ്ഞെടുപ്പിൽ മോദി വോട്ടുകൊള്ള നടത്തിയാണ് അധികാരത്തിലെത്തിയതെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സർവേ ഫലം പുറത്തുവന്നത്. രാഹുൽ ഗാന്ധിയുടെ ഈ ആരോപണം ജനങ്ങൾ ശരിവെച്ചതിൻ്റെ പ്രത്യക്ഷ തെളിവായി സർവേ ഫലത്തെ കാണാവുന്നതാണ്. ഛത്തീസ്ഗഢിൽ നിരാലംബർക്കിടയിൽ സേവനപ്രവർത്തനങ്ങൾ നടത്തിയിരുന്ന കന്യാസ്ത്രീകളെ ആക്രമിച്ച സംഘപരിവാർ നടപടി വലിയ ജനരോഷത്തിന് കാരണമായിരുന്നു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബി.ജെ.പി സർക്കാരിന്റെ നടപടിയെ ബി.ജെ.പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരും അപലപിച്ചു. ഉത്തരേന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ ജനമനസ്സുകളിൽ വലിയ മുറിവുകളാണ് സൃഷ്ടിച്ചത്. ഭരണഘടനയെ തകർക്കാനുള്ള നീക്കങ്ങൾ എൻ.ഡി.എ സർക്കാർ ഒളിഞ്ഞും തെളിഞ്ഞും നടത്തിവരുന്നുണ്ട്. മോദി സർക്കാരിന്റെ വിദേശനയങ്ങളിലെ പാളിച്ചകളും അടുത്തകാലത്തായി വലിയ ചർച്ചാവിഷയമായി.
ഇത്തരം രാഷ്ട്രീയ സംഭവവികാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വോട്ടുകൊള്ള തുറന്നുകാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന ‘വോട്ട് അധികാർ യാത്ര’ വലിയ ജനപിന്തുണയോടെ മുന്നേറുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് മോദി സർക്കാരിന്റെ ജനപ്രീതി അളക്കുന്ന ഈ സർവേ ഫലം പുറത്തുവന്നത്. ഇന്ത്യൻ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാൻ രാഹുലും ഇന്ത്യ സഖ്യവും നടത്തുന്ന പോരാട്ടത്തിന് സർവേ ഫലം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
A change in direction in Indian politics: What survey results indicate