അരുൺ ഭാസ്കർ
ടാംപാ: ഫ്ലോറിഡയിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ (MACF) നേതൃത്വത്തിൽ വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം MACF മാമാങ്കം 2025 അതിഗംഭീരമായി സംഘടിപ്പിച്ചു. രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്ത ഈ ആഘോഷം കേരളത്തനിമയും കലാപരമായ മികവും കൊണ്ട് ശ്രദ്ധേയമായി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓണാഘോഷത്തിൽ പങ്കെടുക്കാൻ നിരവധി ആളുകൾ എത്തിച്ചേർന്നു.
ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിന്റെ എക്സ്റ്റൻഷൻ ഹാളിൽ നടന്ന ഓണസദ്യയോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കമായത്. ഏകദേശം ആയിരത്തി മുന്നൂറോളം പേർ ഓണസദ്യയിൽ പങ്കെടുത്തു.

ചെണ്ടമേളത്തിന്റെയും താലപ്പൊലിയേന്തിയ സ്ത്രീകളുടെയും അകമ്പടിയോടെ മാവേലിയെ വരവേറ്റുകൊണ്ടാണ് പ്രധാന ആഘോഷപരിപാടികൾക്ക് തുടക്കമായത്. തുടർന്ന്, പാട്ടും നൃത്തവും ഉൾപ്പെടെ പതിനഞ്ചോളം കലാപരിപാടികൾ അരങ്ങേറി.

പ്രസിഡന്റ് ടോജിമോൻ പൈതുരുത്തേൽ, സെക്രട്ടറി ഷീല ഷാജു, ട്രെഷറർ സാജൻ കോരത്, ട്രസ്‌റ്റീ ബോർഡ് ചെയർ ഫ്രാൻസിസ് വയലുങ്കൽ, ട്രസ്‌റ്റീ ബോർഡ് സെക്രട്ടറി അഞ്ജന നായർ, മതനേതാക്കൾ എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടോജിമോൻ പൈതുരുത്തേൽ സ്വാഗത പ്രസംഗം നടത്തി. ട്രസ്‌റ്റീ ബോർഡ് ചെയർ ഫ്രാൻസിസ് വയലുങ്കൽ ഈ വർഷത്തെ ഓണം പരിപാടിയുടെ കൊറിയോഗ്രാഫർമാരെ ആദരിക്കുന്നതിനായി അവരെ വേദിയിലേക്ക് ക്ഷണിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് സെക്രട്ടറി ഷീല ഷാജു നന്ദി പ്രസംഗം നടത്തി.

ബോർഡ് ഓഫ് ഡയറക്ടേഴ്‌സ്, ട്രസ്‌റ്റീ ബോർഡ് അംഗങ്ങൾ, വിമൻസ് ഫോറം എന്നിവരുടെ കൂട്ടായ പ്രയത്നമാണ് ഇത്രയും ഗംഭീരമായ ഓണാഘോഷം സംഘടിപ്പിക്കാൻ സഹായിച്ചത്.
വിവിധ പ്രായത്തിലുള്ള 250-ഓളം കലാകാരന്മാർ പങ്കെടുത്ത, രണ്ട് മണിക്കൂറോളം നീണ്ടുനിന്ന കലാപരിപാടികൾ കാണികളെ ആകർഷിച്ചു. ടിറ്റോ ജോൺ ആയിരുന്നു മാവേലിയായി വേഷമിട്ടത്.

മാർട്ടിൻസ് റെസ്റ്റോറന്റ് ടീമിന്റെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. പരിപാടിയുടെ വീഡിയോ J.P. ക്രിയേഷൻസും ഫോട്ടോഗ്രാഫി Alita Moments-ഉം നിർവഹിച്ചു.

അമേരിക്കയിലെ കേരളം എന്ന് അറിയപ്പെടുന്ന ഫ്ലോറിഡയിലെ കലാ-സാംസ്കാരിക കേന്ദ്രമായ MACF-ന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ അവരുടെ ഫേസ്ബുക്ക് പേജ് (https://www.facebook.com/MacfTampa) സന്ദർശിക്കാവുന്നതാണ്.









A grand Onam celebration in Tampa, Florida, led by the Malayali Association of Central Florida













