തൃശൂരിൽ വീണ്ടും പോലീസ് മർദനം: പീച്ചി സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, നടപടി ആവശ്യപ്പെട്ട് പരാതിക്കാരൻ

തൃശൂരിൽ വീണ്ടും പോലീസ് മർദനം: പീച്ചി സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, നടപടി ആവശ്യപ്പെട്ട് പരാതിക്കാരൻ

തൃശ്ശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിലെ മർദന ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ ഞെട്ടൽ മാറുംമുമ്പേ, സമാനമായ മറ്റൊരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കൂടി പുറത്തുവന്നു. 2023-ൽ പീച്ചി പോലീസ് സ്റ്റേഷനിൽ നടന്ന മർദനത്തിന്റെ ദൃശ്യങ്ങളാണ് പരാതിക്കാരനായ ഹോട്ടൽ ഉടമ ഇപ്പോൾ പുറത്തുവിട്ടത്.

പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടൽ ഉടമ കെ.പി. ഔസേപ്പാണ് ഒന്നരവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവിട്ടത്. ദൃശ്യങ്ങൾ ലഭ്യമായിട്ടും കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ മടിക്കുന്നതിനാൽ അദ്ദേഹം നിയമപോരാട്ടം തുടരുകയാണ്.

2023 മേയ് 24-നാണ് കെ.പി. ഔസേപ്പിനെയും മകൻ പോൾ ജോസഫിനെയും ഹോട്ടൽ ജീവനക്കാരെയും പീച്ചി പോലീസ് സ്റ്റേഷനിൽവെച്ച് മർദിക്കുകയും അപമാനിക്കുകയും ചെയ്തത്. ഹോട്ടലിലെ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പീച്ചി എസ്.ഐ.യായിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിലായിരുന്നു മർദനം.

ദൃശ്യങ്ങൾ ലഭിക്കാൻ ഔസേപ്പ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നെങ്കിലും, മാവോവാദി ഭീഷണിയും സ്ത്രീസുരക്ഷയും ഉൾപ്പെടെയുള്ള കാരണങ്ങൾ പറഞ്ഞ് പോലീസ് അത് നിരസിക്കുകയായിരുന്നു. ഒടുവിൽ, മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതിന് ശേഷമാണ് ഒന്നരവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ദൃശ്യങ്ങൾ ലഭിച്ചത്. മർദിച്ച എസ്.ഐ.യെക്കൂടി പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് ഔസേപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

നേരത്തെ, കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മർദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

A new CCTV video has emerged from 2023 showing police brutality at Peechi Police Station

Share Email
LATEST
Top