പോലീസ് അതിക്രമങ്ങൾക്കെതിരെ ഒറ്റയാൾ പോരാട്ടം: കുന്നംകുളത്തെ സുജിത്ത് കേസ് ഒരു ഓർമ്മപ്പെടുത്തൽ

പോലീസ് അതിക്രമങ്ങൾക്കെതിരെ ഒറ്റയാൾ പോരാട്ടം: കുന്നംകുളത്തെ സുജിത്ത് കേസ് ഒരു ഓർമ്മപ്പെടുത്തൽ

അടിയന്തരാവസ്ഥക്കാലത്തും ചില സിനിമകളിലും മാത്രം കണ്ടുപരിചയിച്ച പോലീസ് അതിക്രമങ്ങൾ, കേരളത്തിലും ഒരു തുടർക്കഥയായി മാറിയതിന്റെ നേർചിത്രമാണ് കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിന് പോലീസ് സ്റ്റേഷനിൽ നേരിടേണ്ടി വന്ന കസ്റ്റഡി മർദ്ദനം. ‘ജനമൈത്രി, ശിശു സൗഹൃദ, വനിതാ സ്റ്റേഷൻ’ എന്നൊക്കെ ബോർഡുകൾ സ്ഥാപിക്കുമ്പോഴും, കസ്റ്റഡി മർദ്ദനങ്ങളും കൊലപാതകങ്ങളും കേരള പോലീസിന് ഒട്ടും പുതുമയല്ല. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് എങ്ങനെ രക്ഷപ്പെടണമെന്ന് പോലീസുകാർക്ക് നന്നായറിയാം എന്നതിന് സമീപകാലത്ത് വിധി വന്ന ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് അടക്കമുള്ള സംഭവങ്ങൾ ഉദാഹരണമാണ്. ഈ സാഹചര്യത്തിൽ, രണ്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ സുജിത്ത് വി.എസ്. വീണ്ടെടുത്ത സി.സി.ടി.വി. ദൃശ്യങ്ങൾ, കേരള പോലീസിന്റെ ക്രൂരമായ മുഖം ഒരിക്കൽ കൂടി പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടി.

2023 ഏപ്രിലിലാണ് ഈ സംഭവം നടന്നത്. ചൊവ്വന്നൂരിലെ പൂരാഘോഷം കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്ന സുജിത്തിനെ, വീടിനടുത്ത് പോലീസ് സാന്നിധ്യമുണ്ടെന്നറിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ജീപ്പിൽ കയറ്റി ക്രൂരമായി മർദ്ദിച്ചത്. മൊബൈലിൽ പൂരം കാണുകയായിരുന്ന ചില യുവാക്കളെ ചോദ്യം ചെയ്യാനെത്തിയ പോലീസിനോട് അവർ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സുജിത്ത് പറഞ്ഞു. ഈ ഇടപെടൽ ഇഷ്ടപ്പെടാതിരുന്ന പോലീസ്, യുവാക്കളെ വിട്ടയച്ച ശേഷം സുജിത്തിനെതിരെ തിരിയുകയായിരുന്നു. ജീപ്പിൽ കയറ്റിയ ഉടൻതന്നെ ആരംഭിച്ച മർദ്ദനം സ്റ്റേഷനിലെത്തിച്ച ശേഷവും തുടർന്നു.

പോലീസ് മർദ്ദനമേറ്റ സുജിത്തിനെ പിന്നീട് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എഫ്.ഐ.ആറിൽ മദ്യപിച്ച് സംഘർഷമുണ്ടാക്കി എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും, വൈദ്യപരിശോധനാ റിപ്പോർട്ടിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ കൂടിയായ സുജിത് മദ്യപിക്കുന്ന വ്യക്തിയല്ല. ഇത് പോലീസിന്റെ വ്യാജ ആരോപണങ്ങൾക്ക് തിരിച്ചടിയായി. ചെവിക്ക് ഗുരുതരമായ പരിക്ക് പറ്റിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കർണപുടം പൊട്ടിയതായി കണ്ടെത്തി. സുജിത്തിന്റെ സ്വകാര്യ അന്യായത്തിൽ മർദ്ദനം നടത്തിയ പോലീസുകാർക്കെതിരെ കേസെടുക്കാൻ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. അതോടൊപ്പം, സംഭവ ദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങൾക്കായി സമർപ്പിച്ച വിവരാവകാശ അപേക്ഷ ആദ്യം തള്ളിയെങ്കിലും, വിവരാവകാശ കമ്മീഷന്റെ ഉത്തരവിലൂടെ അത് നേടിയെടുക്കാൻ കഴിഞ്ഞു. രണ്ട് വർഷത്തെ നിരന്തരമായ പരിശ്രമമാണ് ഈ നിർണായകമായ ദൃശ്യങ്ങൾ ലഭ്യമാക്കിയത്.

സംഘടനാപരമായ വീഴ്ചകളും ഒറ്റപ്പെട്ട പോരാട്ടങ്ങളും

ഈ കേസിൽ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു വസ്തുത, യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഈ വിഷയത്തെ പൂർണ്ണമായും അവഗണിച്ചു എന്നതാണ്. മാധ്യമങ്ങളിൽ വിഷയം അവതരിപ്പിക്കാനും സംസ്ഥാനതലത്തിൽ സമരം സംഘടിപ്പിക്കാനും പ്രാദേശിക നേതാക്കൾ പലതവണ ആവശ്യപ്പെട്ടിട്ടും, അനുകൂലമായ പ്രതികരണമുണ്ടായില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിഷയം നിയമസഭയിൽ ഉന്നയിക്കാനായി ഷാഫി പറമ്പിൽ എം.എൽ.എ.യെ ആറ് തവണ വർഗീസ് ചൊവ്വന്നൂർ സമീപിച്ചിട്ടും കാര്യമായ പരിഗണന ലഭിച്ചില്ല എന്നും ആരോപണമുണ്ട്.

ഒരു പാർട്ടി പ്രവർത്തകൻ നേരിട്ട അതിക്രമം ഒരു രാഷ്ട്രീയ വിഷയമായി ഏറ്റെടുക്കുന്നതിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം എത്രത്തോളം ദുർബലമാണെന്ന് ഈ സംഭവം തെളിയിക്കുന്നു.

പ്രാദേശിക തലത്തിൽ വർഗീസ് ചൊവ്വന്നൂരും സുജിത്തും മറ്റ് പ്രവർത്തകരും നടത്തിയ വീരോചിതമായ പോരാട്ടമാണ് ഈ വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ചത്. എന്നാൽ, ഇത്തരം സാഹചര്യങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയും മാർഗ്ഗനിർദ്ദേശവും ലഭിക്കാത്തത് പ്രവർത്തകർക്ക് വലിയ നിരാശയുണ്ടാക്കുന്നുണ്ട്. വ്യവസായികളെ ഉൾപ്പെടെ സ്വാധീനിച്ച് കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ശ്രമിച്ചപ്പോഴും, അതിന് വഴങ്ങാതെ പോരാടിയ പ്രാദേശിക നേതാക്കളുടെ ദൃഢനിശ്ചയമാണ് കേരള മനസ്സാക്ഷിക്ക് മുന്നിൽ പോലീസിന്റെ ക്രൂരത തുറന്നുകാട്ടിയത്.

മർദ്ദനമേറ്റ സംഭവത്തിൽ പോലീസിനെതിരേ ചുമത്തിയിരിക്കുന്നത് ദുർബ്ബല വകുപ്പു മാത്രമാണ്. ഒരുകൊല്ലം മാത്രം തടവ് ലഭിക്കാവുന്ന കുറ്റം. രണ്ടു വർഷത്തേക്ക് ഇൻക്രിമന്റ് തടഞ്ഞു. മൂന്ന് കൊല്ലത്തേക്ക് കുറ്റവാളികളായ പോലീസുകാരുടെ പ്രമോഷനും തടഞ്ഞു. ഇനി വകുപ്പുതല നടപടി സാധ്യമല്ലെന്നാണ് കിട്ടിയിരിക്കുന്ന നിയമോപദേശം. എഫ്‌ഐആറിലുള്ളത് കൈകൊണ്ടടിച്ചു എന്ന് മാത്രം.

അതേസമയം എസ്‌ഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കണം എന്നും ഇപ്പോൾ കോൺഗ്രസ് ആവശ്യപ്പെടുന്നു. ബാക്കി നടപടി കോടതി തീരുമാനപ്രകാരം മതിയെന്നാണ് തീരുമാനം.

ദൃശ്യങ്ങൾ പുറത്തുവന്നിട്ടും കാര്യമായ വകുപ്പുകൾ ചുമത്തിയിട്ടില്ല. കേസുമായി മുമ്പോട്ട് പോയതോടെ സുജിത്തിനെ പണം നൽകി സ്വാധീനിക്കാനും കേസ് പിൻവലിപ്പിക്കാനും ശ്രമം നടന്നതായി സുജിത് വെളിപ്പെടുത്തി.

തന്നെ മർദിച്ച എല്ലാ പൊലീസുകാർക്ക് എതിരെയും കേസെടുത്തിട്ടില്ലെന്ന് സുജിത്ത് പറഞ്ഞു. അഞ്ചുപേർ മർദ്ദിച്ചതിൽ നാലു പൊലീസുകാർക്കെതിരെ മാത്രമാണ് കേസെടുക്കുന്നത്. പൊലീസ് െ്രെഡവറായിരുന്ന സുഹൈർ കേസിൽ നിന്ന് ഒഴിവായി. ഇതിനെതിരെ നിയമപോരാട്ടം തുടരുമെന്നും സുജിത്ത് വി എസ് പറഞ്ഞു.

2023 ഏപ്രിൽ അഞ്ചാം തീയതി ചൊവ്വന്നൂരിൽ വെച്ചായിരുന്നു സംഭവം നടന്നത്. വിവരാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരം സുജിത്തിന് തന്നെയായിരുന്നു ദൃശ്യങ്ങൾ ലഭിച്ചത്. ഇതാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയും ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ നുഹ്മാൻ, സുജിത്തിനെ സ്‌റ്റേഷനിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരും സുജിത്തിനെ ക്രൂരമായി മർദ്ദിച്ചു.

ജീപ്പിൽ നിന്ന് സുജിത്തിനെ ഇറക്കി ഉള്ളിലേക്ക് കയറ്റുമ്പോൾ തന്നെ പൊലീസുകാർ മർദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റാണ് സുജിത്ത്. കുന്നംകുളം പൊലീസ് സ്‌റ്റേഷനിൽവെച്ചായിരുന്നു സുജിത്തിന് ക്രൂരമർദ്ദനമേറ്റത്.

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്‌ഐആർ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് കോടതിയുടെ നിർദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയിൽ പൊലീസ് ആക്രമണത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചുവെന്ന് വ്യക്തമായി.

A one-man fight against police brutality: The VS Sujith case in Kunnamkulam is a reminder

Share Email
Top