ടിക് ടോക്കിൽ സമവായത്തിലെത്തി ട്രംപ്; വെള്ളിയാഴ്ച ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച

ടിക് ടോക്കിൽ സമവായത്തിലെത്തി ട്രംപ്; വെള്ളിയാഴ്ച ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച
Share Email

യുഎസിൽ ടിക്ടോക്കിന്റെ തുടർപ്രവർത്തനത്തിനായി ചൈനയുമായി പ്രാഥമിക ധാരണയിലെത്തിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ, രാജ്യത്തെ യുവാക്കളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ഒരു പ്രത്യേക കമ്പനിയുമായി ധാരണയിലെത്തിയതായി സ്ഥിരീകരിച്ചു. ഈ ധാരണ ഇരുരാജ്യങ്ങളും ടിക്ടോക്ക് വിഷയത്തിൽ സമവായത്തിലെത്തിയതിന്റെ സൂചനയാണ്.

ഈ കരാർ അന്തിമമാക്കുന്നതിനായി ട്രംപ് വെള്ളിയാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബെസെന്റ് മാഡ്രിഡിൽ വെച്ച് പറഞ്ഞു, ഇക്കാര്യം ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. ട്രംപുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ചൈനീസ് പ്രതിനിധികളുമായി മാർഗനിർദേശങ്ങൾ പങ്കുവെച്ചതായും, ട്രംപിന്റെ നേതൃത്വവും സ്വാധീനവുമാണ് ഈ ധാരണ സാധ്യമാക്കിയതെന്നും ബെസെന്റ് വ്യക്തമാക്കി. യുഎസ് ധനകാര്യ സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെയും വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിന്റെയും നേതൃത്വത്തിൽ അമേരിക്കൻ സംഘവും, ചൈനീസ് ഉപപ്രധാനമന്ത്രി ഹെ ലിഫെങ് നയിക്കുന്ന ചൈനീസ് സംഘവും നടത്തിയ ആറ് മണിക്കൂറിലധികം നീണ്ട ചർച്ചകൾ ഈ കരാറിന് വഴിയൊരുക്കി.

ടിക്ടോക്ക് വിഷയത്തിൽ യുഎസിന്റെ ദേശീയ സുരക്ഷാ ആശങ്കകളെ മാനിക്കുന്ന ഒരു കരാറാണ് രൂപപ്പെടുത്തിയതെന്ന് ബെസെന്റ് പറഞ്ഞു. ചൈനീസ് കമ്പനികൾക്ക് യുഎസിൽ ന്യായവും നിക്ഷേപസൗഹൃദവുമായ സാഹചര്യം ഉറപ്പാക്കാനാണ് ലക്ഷ്യമെങ്കിലും, ദേശീയ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. 2012-ൽ ചൈനീസ് സംരംഭകനായ ഷാങ് യിമിങ് സ്ഥാപിച്ച ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക്, കോവിഡ് കാലത്ത് ഹ്രസ്വ നൃത്തരൂപങ്ങളിലൂടെ വൻ ജനപ്രീതി നേടി. എന്നാൽ, ചൈനയിലെ നിയമങ്ങൾ പ്രകാരം സർക്കാർ ആവശ്യപ്പെടുന്ന ഡേറ്റ കൈമാറ്റം ചെയ്യണമെന്ന നിബന്ധന ഉയർത്തി പലരും ടിക്ടോക്കിന്റെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

Share Email
LATEST
More Articles
Top