ഏബൽ ബിജു: മിസ്റ്റർ ഇന്ത്യ-മിസ്റ്റർ സുപ്രാനാഷണൽ വിജയം നേടുന്ന ആദ്യ മലയാളി; ഇനി പോരാട്ടം പോളണ്ടിൽ

ഏബൽ ബിജു: മിസ്റ്റർ ഇന്ത്യ-മിസ്റ്റർ സുപ്രാനാഷണൽ വിജയം നേടുന്ന ആദ്യ മലയാളി; ഇനി പോരാട്ടം പോളണ്ടിൽ

കോട്ടയം : അടുത്ത വർഷം പോളണ്ടിൽ നടക്കുന്ന മിസ്റ്റർ സുപ്രാനാഷണൽ 2026 മത്സര റാന്പിൽ കോട്ടയം മാന്നാനം ഓട്ടപ്പള്ളി വീട്ടിൽ ഏബൽ ബിജുവുണ്ടാകും. മുംബൈയിൽ നടന്ന മിസ്റ്റർ ഇന്ത്യ-മിസ്റ്റർ സുപ്രാനാഷണൽ മത്സരത്തിൽ കിരീടം നേടിയതോടെയാണ് ഏബലിന് പോളണ്ടിലേക്ക് പോകാനുള്ള അവസരം കിട്ടുന്നത്. മിസ്റ്റർ ഇന്ത്യ-മിസ്റ്റർ സുപ്രാനാഷണൽ വിജയം നേടുന്ന ആദ്യ മലയാളിയാണ് അദ്ദേഹം.

‘മിസ്റ്റർ ഇന്ത്യ-മിസ്റ്റർ സുപ്രാനാഷണൽ നേടിയത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നില്ല. മത്സരാർഥികളെ ക്ഷണിച്ചപ്പോൾ വെറുതെ അയച്ചുവെന്നേയുള്ളൂ. കിരീടം കിട്ടിയപ്പോൾ ഞാനല്പം സീരിയസായി. 2026-ൽ ആഗോള മത്സരത്തിൽ മിസ്റ്റർ സൂപ്പർനാഷണലിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കിട്ടിയ അവസരം വലിയ നേട്ടമായി കരുതുന്നു.’ -ഏബൽ പറയുന്നു. സംഗീത ബിജ്‌ലാനി, അദിതി ഗോവിത്രിക്കർ, കെൻ ഘോഷ്, റോക്കി സ്റ്റാർ, ജതിൻ കമ്പാനി, വരോയിൻ മർവ എന്നിവരടങ്ങുന്ന പാനലാണ് ദേശീയ മത്സര വിജയിയെ തിരഞ്ഞെടുത്തത്. ഇന്റർനാഷണൽ മത്സരത്തിന് ഫാഷൻ കൊറിയോഗ്രാഫർ ഡാലു കൃഷ്ണദാസാണ് മെൻറർ. കുട്ടിക്കാനം മരിയൻ കോളേജിൽനിന്ന് ബിബിഎ ബിരുദം നേടിയ ഏബൽ ആലുവ ഫെഡറൽ ബാങ്കിൽ അസോസിയേറ്റായാണ് ജോലി ചെയ്യുന്നത്.

ജോലിക്കൊപ്പം മോഡലിങ്ങും ഒന്നിച്ചു കൊണ്ടുപോകുന്ന 24-കാരന് ആദ്യ ശ്രമത്തിൽ ദേശീയ കിരീടം നേടാൻ സാധിച്ചതോടെ ഉത്തരവാദിത്വം കൂടിയെന്ന ചിന്തയാണ്. ‘പല ദിവസങ്ങളിലായി നടന്ന മത്സരത്തിനിടയിൽ വിവിധ ക്ളാസുകൾ, പരിശീലനം എന്നിവയുണ്ടായിരുന്നു. വിധികർത്താക്കൾക്ക് മുന്നിൽ കഴിവ് പ്രകടിപ്പിക്കുകയല്ല. എവിടേയും നമ്മളെ അവതരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നതാണ് വലിയ പാഠമായി തോന്നിയത്’ -ഏബൽ പറയുന്നു. ജോലിക്കൊപ്പം ഇന്ത്യയിലെ മികച്ച ആക്ടിങ് സ്കൂളുകളിൽ പഠിക്കണമെന്ന് ഏബലിന്‌ ആഗ്രഹം. അമ്മ: മായാ ഫിലിപ്പ്. സഹോദരങ്ങൾ: നേഹാ, നോയൽ.

Abel Biju: First Malayali to win Mr. India-Mr. Supranational; Now the fight will be in Poland

Share Email
Top