ഹരിയാനയിലെ ഫരീദാബാദിൽ എയർകണ്ടീഷണർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഉണ്ടായ സ്ഫോടനത്തിലും കനത്ത പുക ശ്വസിച്ചതുമൂലം ഒരു കുടുംബത്തിലെ മൂന്നു പേർ മരണപ്പെട്ടു. കുടുംബത്തിന്റെ വളർത്തുനായയും മരിച്ചു.
മരണപ്പെട്ടവർ സചിൻ കപൂർ, ഭാര്യ റിങ്കു കപൂർ, മകൾ സുജൻ കപൂർ എന്നിവരാണ്. സംഭവം തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് നടന്നത്. നാലുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഒന്നാം നില ഒഴിഞ്ഞുകിടക്കുകയായിരുന്നു. രണ്ടാം നിലയിലാണ് കപൂർ കുടുംബം താമസിച്ചിരുന്നത്.
സ്ഫോടനത്തിനുശേഷം കനത്ത പുക മുറികളിലേക്ക് നിറഞ്ഞു. ഇതാണ് കുടുംബാംഗങ്ങളുടെ മരണത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്നപ്പോൾ മകൻ മറ്റൊരു മുറിയിലായിരുന്നു. സ്ഫോടനശബ്ദം കേട്ട് ജനൽ വഴിയിലൂടെ പാരപ്പെറ്റിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. എങ്കിലും അദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കെട്ടിടത്തിന്റെ മൂന്നാം നിലയിൽ സചിന്റെ ഓഫിസാണ് പ്രവർത്തിച്ചിരുന്നത്. നാലാം നിലയിൽ ഏഴംഗ കുടുംബവും താമസിച്ചിരുന്നു. അയൽവാസികൾ സ്ഫോടനശബ്ദം കേട്ട് എത്തി. എന്നാൽ കനത്ത പുക രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായി.
പൊലീസ് പ്രാഥമിക പരിശോധനയിൽ എയർകണ്ടീഷണറിൽ നിന്നുയർന്ന വിഷപ്പുക തന്നെയാണ് മരണത്തിന് കാരണമായതെന്ന് വ്യക്തമാക്കി.
AC blast in Faridabad; Three family members and pet dog killed











