പീച്ചി പൊലീസ് സ്റ്റേഷനിലെ ക്രൂര മർദനത്തിൽ ഒടുവിൽ നടപടി, എസ്എച്ച്ഓ രതീഷിനെ സസ്പെൻഡ് ചെയ്തു

പീച്ചി പൊലീസ് സ്റ്റേഷനിലെ ക്രൂര മർദനത്തിൽ ഒടുവിൽ നടപടി, എസ്എച്ച്ഓ രതീഷിനെ സസ്പെൻഡ് ചെയ്തു

തൃശ്ശൂർ പീച്ചി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് എസ്എച്ച്ഒ പി.എം. രതീഷിനെ ദക്ഷിണ മേഖല ഐജി സസ്പെൻഡ് ചെയ്തു. 2023 മേയ് 24-ന് ഹോട്ടൽ ഉടമ കെ.പി. ഔസേപ്പിനെയും മകനെയും ഡ്രൈവറെയും രതീഷ് മർദിച്ചെന്നാണ് കേസ്. ഹോട്ടലിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ദിനേശും ജിനീഷും നൽകിയ പരാതിയെ തുടർന്നാണ് സംഭവം. മർദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ കേസ് വിവാദമായി. നേരത്തെ രതീഷിനെതിരെ പരാതികൾ ഉയർന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. അന്വേഷണ റിപ്പോർട്ടും രതീഷിനെതിരായിരുന്നു.

മർദന ദൃശ്യങ്ങൾ ലഭിക്കാൻ വിവരാവകാശ നിയമപ്രകാരം നിരവധി അപേക്ഷകൾ നൽകിയെങ്കിലും പോലീസ് മാവോവാദി ഭീഷണിയും സ്ത്രീസുരക്ഷയും ചൂണ്ടിക്കാട്ടി ദൃശ്യങ്ങൾ നൽകിയില്ല. ഒടുവിൽ വിവരാവകാശ കമ്മിഷനിൽ അപ്പീൽ നൽകുകയും ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയും ചെയ്തപ്പോൾ ദൃശ്യങ്ങൾ ലഭ്യമാക്കി. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിഷയം വൻ ചർച്ചയായി, രതീഷിനെതിരെ നടപടിയെടുക്കാൻ പോലീസിനെ നിർബന്ധിതരാക്കി. നിലവിൽ കടവന്ത്ര എസ്എച്ച്ഒ ആയ രതീഷിനെതിരെ കേസ് ഒതുക്കിത്തീർക്കാൻ വൻതുക ആവശ്യപ്പെട്ടതായും ഔസേപ്പ് ആരോപിച്ചിരുന്നു.

Share Email
LATEST
More Articles
Top