ലഡാക്ക് സംഘർഷം: 4 മരണം; സ്ഥിതി നിയന്ത്രണത്തിലെന്ന് കേന്ദ്രം, പ്രകോപിപ്പിച്ചത് ആക്ടിവിസ്റ്റ് സോനം വാങ്ചുക്കാണെന്നും കേന്ദ്ര സർക്കാർ

ലഡാക്ക് സംഘർഷം: 4 മരണം; സ്ഥിതി നിയന്ത്രണത്തിലെന്ന് കേന്ദ്രം, പ്രകോപിപ്പിച്ചത് ആക്ടിവിസ്റ്റ് സോനം വാങ്ചുക്കാണെന്നും കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ലഡാക്കിലെ ലേ പട്ടണത്തിൽ സംസ്ഥാന പദവിക്കും ഭരണഘടനാപരമായ സംരക്ഷണങ്ങൾക്കുമായി നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് നാല് പേർ മരിക്കുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 40 പോലീസുകാരുമുണ്ട്. പ്രതിഷേധക്കാർ ബി.ജെ.പി. ഓഫീസ് ആക്രമിക്കുകയും പോലീസ് വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തതോടെയാണ് സംഘർഷം രൂക്ഷമായത്. സ്ഥിതി നിയന്ത്രണത്തിലാക്കാൻ പോലീസ് വെടിവെച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതിനുള്ള ആവശ്യങ്ങളും ഉന്നയിച്ചാണ് ലഡാക്ക് അപ്പെക്സ് ബോഡിയുടെ (LAB) നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. ബുധനാഴ്ച രാവിലെ ആരംഭിച്ച പ്രതിഷേധം ഉച്ചയോടെയാണ് അക്രമാസക്തമായത്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയെന്നും വൈകുന്നേരം 4 മണിക്ക് ശേഷം അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം, പ്രകോപനപരമായ പ്രസ്താവനകളിലൂടെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതെന്ന് കേന്ദ്ര സർക്കാർ ആരോപിച്ചു. ലഡാക്കിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി മതിയായ ഭരണഘടനാപരമായ സുരക്ഷാ സംവിധാനങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അക്രമസംഭവങ്ങളെ തുടർന്ന് ലേ ജില്ലയിൽ ഉടനീളം ലഫ്റ്റനന്റ് ഗവർണർ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

Share Email
Top