കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമാ നിർമാണവുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ ജാമ്യ ഇളവ് തേടി നടൻ സൗബിൻ ഷാഹിർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാസ്പോർട്ട് വിട്ടുനൽകണമെന്നും വിദേശത്ത് പോകാൻ അനുവദിക്കണമെന്നുമാണ് ആവശ്യം. മഞ്ഞുമ്മൽ ബോയ്സ് സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് സൗബിൻ ഷാഹിറിനെ നേരത്തെ മരട് പൊലീസ് അറസ്റ്റുചെയ്തത്. സൗബിൻ ഷാഹിറിന് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതിനാൽ അറസ്റ് ചെയ്തതിനു ശേഷം വിട്ടയക്കുകയായിരുന്നു.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. അരൂർ സ്വദേശിയായ സിറാജ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്ക് ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി നിലവിലുണ്ട്.
അതേസമയം, ഈ കേസിൽ പ്രതികളെ സഹായിച്ചെന്ന് ആരോപണമുയർന്ന മരട് എസ്ഐ കെ.കെ. സജീഷിനെ എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. കേസിന്റെ ഫയലിൽ നിന്ന് പ്രധാനപ്പെട്ട ബാങ്ക് ഇടപാട് രേഖകൾ നീക്കം ചെയ്തതിനാണ് എസ്ഐക്കെതിരെ നടപടി എടുത്തത്. ഡിസിപി ഫയൽ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.