സൂര്യയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 42 ലക്ഷം തട്ടി; നടന്റെ വീട്ടുജോലിക്കാർ അറസ്റ്റിൽ

സൂര്യയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 42 ലക്ഷം തട്ടി; നടന്റെ വീട്ടുജോലിക്കാർ അറസ്റ്റിൽ

നടൻ സൂര്യയുടെ പോലീസ് സുരക്ഷാ ഉദ്യോഗസ്ഥനായ (പിഎസ്ഒ) ആന്റണി ജോർജ് പ്രഭുവിൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സൂര്യയുടെ വീട്ടിലെ ജോലിക്കാരിയായ സുലോചനയും അവരുടെ കുടുംബവും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് സുലോചനയും മകനും ചേർന്ന് ആന്റണി ജോർജിനെ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ വിശ്വാസം നേടാൻ, തുടക്കത്തിൽ ഒരു ലക്ഷം രൂപയ്ക്ക് പകരമായി 30 ഗ്രാം സ്വർണം തിരികെ നൽകി, എന്നാൽ പിന്നീട് 42 ലക്ഷം രൂപ കൈമാറിയപ്പോൾ അവർ ഒളിവിൽ പോയി. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ആന്റണി ജോർജ് 42 ലക്ഷം രൂപ കൈമാറിയത്. മാർച്ചിൽ അദ്ദേഹം പണം തിരികെ ആവശ്യപ്പെട്ടപ്പോൾ സുലോചനയും കുടുംബവും ഒളിവിൽ പോയതായി പോലീസ് കണ്ടെത്തി. അന്വേഷണത്തിൽ, ഇവർ ചെന്നൈയിൽ മറ്റു പലരിൽ നിന്നായി ഏകദേശം രണ്ട് കോടി രൂപ തട്ടിയെടുത്തതായും വ്യക്തമായി. ജൂലൈയിൽ പരാതിയുടെ അടിസ്ഥാനത്തിൽ സുലോചനയ്ക്കും സംഘത്തിനുമെതിരെ പോലീസ് കേസെടുത്തു. തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞയുടൻ സൂര്യ സുലോചനയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ടുണ്ട്. പോലീസ് അന്വേഷണത്തിൽ സുലോചന, ബാലാജി, ഭാസ്കർ, വിജയലക്ഷ്മി എന്നീ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. ഒരേ കുടുംബത്തിലെ അംഗങ്ങളായ ഇവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സംഭവം സൂര്യയുടെ വസതിയുമായി ബന്ധപ്പെട്ടാണെങ്കിലും, നടന് തട്ടിപ്പുമായി നേരിട്ട് ബന്ധമില്ലെന്നാണ് പോലീസിന്റെ നിഗമനം.

Share Email
LATEST
Top