ആ ദൈവദൂതനെ ആദി നേരില്‍ കണ്ടു, വിഷ്ണു ആദിക്ക് സമ്മാനിച്ചത് ‘ജീവന്‍’ ; വിഷ്ണുവിന്റെ രക്തമൂലകോശം ആദിയെ ജീവിതത്തിലേക്ക് കൊണ്ടുവന്നു

ആ ദൈവദൂതനെ ആദി നേരില്‍ കണ്ടു, വിഷ്ണു ആദിക്ക് സമ്മാനിച്ചത് ‘ജീവന്‍’ ; വിഷ്ണുവിന്റെ രക്തമൂലകോശം ആദിയെ ജീവിതത്തിലേക്ക് കൊണ്ടുവന്നു

ലിന്‍സി ഫിലിപ്‌സ്

തിരുവനന്തപുരം: ആദി രണ്ടു വര്‍ഷമായി കാത്തിരിക്കയായിരുന്നു. തന്റെ ജീവന്‍ നിലനിര്‍ത്തിയ ആ ദൈവദൂതനെ കാണാണായി. ഒടുവില്‍ ആ കാത്തിരിപ്പിനു വിരാമം കുറിച്ചുകൊണ്ട് ആദിയെ കാണാന്‍ വിഷ്ണുവെത്തി. തന്റെ മകന്റെ ജീവന്റെ തുടിപ്പ് നിലനിര്‍ത്താനായി ചാരെയെത്തിയ ആ യുവാവിനെ ഇരുകൈയ്യും ചേര്‍ത്ത് ആദിയുടെ അമ്മ വിദ്യ മുറുകെപിടിച്ചപ്പോള്‍ അതൊരു രക്തബന്ധത്തിനുമപ്പുറമുള്ള ആത്മസമര്‍പ്പണത്തിന്റെ നേര്‍സാക്ഷ്യമായി മാറി. ഇരുവരേയും അഭിനന്ദിക്കാനായി എത്തിയവരുടെ കണ്ണില്‍ ഈറനണിഞ്ഞ നിമിഷം.

ഏഴാം വയസില്‍ രക്താര്‍ബുദം ബാധിച്ച അഞ്ചല്‍ സ്വദേശിയായ ആദി നാരായണനു രക്തമൂലകോശം(മജ്ജ) നല്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന വിഷ്ണു വേണുഗോപാലാണ് തന്റെ രക്തമൂലകോശം സ്വീകരിച്ച ആദിനാരായണനെയും മാതാവ് വിദ്യയെയും കാണാനായി വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിയത്. തിരുവനന്തപുരം എം.ജി കോളജ് ഓഡിറ്റോറിയത്തിലെത്തിലാണ് ഈ അപൂര്‍വ സംഗമം നടന്നത്.
2023 ലാണ് ആദി നാരായണന് മജ്ജമാറ്റിവെക്കല്‍ നടത്തിയത്. എന്നാല്‍ ഇതിനായി രക്തമൂലകോശം നല്കിയത് ആരാണെന്നു സ്വീകരിച്ച ആദിനാരായണനോ മാതാവ് ദിവ്യയ്ക്കോ അറിയില്ലായിരുന്നു. അപൂര്‍വമായി മാത്രമേ രക്ത മൂല കോശത്തിന് സാമ്യത ലഭിക്കാറുള്ളു.

ആദിനാരായണന്‍ ബി സെല്‍ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച് രണ്ട് വര്‍ഷം മുന്‍പാണ് രക്തമൂലകോശ ട്രാന്‍സ്പ്ലാന്റിനു വിധേയനായത്. 10000 മുതല്‍ 20 ലക്ഷം വരെയുള്ളവരില്‍ ഒരാളുടെ മൂലകോശമാകും സ്വീകര്‍ത്താവിന് സാധാരണ സാമ്യമുണ്ടാകാറുള്ളത്. അത്തരത്തില്‍ ആദിക്ക് വിഷ്ണുവിന്റെ മൂലകോശം സാമ്യമാവുകയും തുടര്‍ന്ന് മൂലകോശം ദാനം ചെയ്യുകയുമായിരുന്നു.
ആദിക്ക് ഏഴു വയസുള്ളപ്പോള്‍ ആണ് ആദ്യമായി കാന്‍സര്‍ സ്ഥിരീകരിച്ചത്. ചികിത്സിച്ച് ദേതമായ കാന്‍സര്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വന്നു.

ആര്‍സിസിയിലെ ചികിത്സയിലൂടെ രണ്ടാം വട്ടവും കാന്‍സര്‍ തോറ്റു പിന്‍ വാങ്ങി. എന്നാല്‍ മൂന്നാം വരവിലാണ് രക്തമൂലകോശം സ്വീകരിച്ചത്. ഇതിനായി വിഷ്ണു മൂലകോശം നല്കാന്‍ തയാറായതോടെയാണ് ആദി ജീവിതത്തിലേക്ക് വീണ്ടും പിച്ചവെച്ചത്.രക്തമൂല കോശം നല്കി ആദിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് തിരുവനന്തപുരം ഇന്‍ഫോസിസിലെ ജീവനക്കാരന്‍ കൂടിയായ വട്ടപ്പാറ സ്വദേശി വിഷ്ണു വേണുഗോപാല്‍.

വിഷ്ണുവിന്റെ ഭാര്യയും മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരും ആദിയെ കാണാനെത്തിയിരുന്നു. ആദി അഞ്ചല്‍ സെന്റ് ജോര്‍ജ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. എം.ജി കോളജ് എന്‍ എസ് എസ് യൂണിറ്റിന്റെയും രക്തമൂലകോശ ദാനത്തിനു നേതൃത്വം നല്കുന്ന ദാത്രിയുടേയും നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.ദാത്രിയുടെ സൗത്ത് ഇന്ത്യ ഹെഡ് എബി സാം ജോണിന്റെ നേതൃത്വത്തിലായിരുന്നു എം.ജി കോളജില്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

Adi saw that messenger of God in person, and Vishnu gifted Adi with ‘life’; Vishnu’s blood stem cell brought Adi to life

Share Email
LATEST
More Articles
Top