കാബൂൾ: അഫ്ഗാനിസ്ഥാന്‍ കിഴക്കൻ മേഖലയായ ഹിന്ദുകുഷ് പർവതനിരകളിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ കണ്ണീരണിഞ്ഞ് രാജ്യം. ഭൂകമ്പത്തിൽ ഇതുവരെ 812 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഒട്ടേറെ ഗ്രാമങ്ങൾ പൂർണമായും തകർന്നടിഞ്ഞു, നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. വിദൂര മലനാടുകളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യവും കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും രക്ഷാപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. 40 സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് 420 പേരെ, പരിക്കേറ്റവരും മരിച്ചവരും ഉൾപ്പെടെ, ദുരന്തബാധിത മേഖലകളിൽനിന്ന് ഒഴിപ്പിച്ചതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂവായിരത്തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം.
വിദേശ സഹായങ്ങൾ കുറഞ്ഞതിനാൽ പ്രതിസന്ധിയിലായ താലിബാൻ ഭരണകൂടത്തെ ഈ ഭൂകന്പം കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഡോക്ടർമാരുടെയും ആശുപത്രികളുടെയും അഭാവം ജനതയെ പകച്ചുനിർത്തിയിരിക്കുന്നു. ഇന്ത്യയും ചൈനയും സഹായവുമായി രംഗത്തെത്തി, ഇന്ത്യ കാബൂളിലേക്ക് 1000 ടെന്റുകളും 15 ടൺ ഭക്ഷ്യവസ്തുക്കളും എത്തിച്ചു. കൂടുതൽ ദുരിതാശ്വാസ സഹായം ഇന്നുമുതൽ അയക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. അഫ്ഗാന്റെ ആവശ്യങ്ങൾക്കനുസരിച്ച് സഹായം നൽകാൻ തയ്യാറാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവും അറിയിച്ചു.