തിരുവനന്തപുരം : ഗോപിദാസെന്ന എണ്‍പതുകാരന്റെ പഠനാവേശത്തിനു മുന്നില്‍ പ്രായം തോറ്റു പിന്‍മാറി. സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ മിന്നും ജയം സ്വന്തമാക്കിയാണ് ആലപ്പുഴക്കാരനായ ഈ മുത്തശ്ശന്‍ വാര്‍ത്തയില്‍ ഇടംപിടിച്ചത്.തുല്യതാ പരീക്ഷയില്‍ വിജയിച്ച പി.ഡി ഗോപിദാസ് ബിരുദപഠനത്തിനൊരുങ്ങുന്നതിന്റെ ആഹ്‌ളാദത്തിലാണ്.
ആലപ്പുഴ പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ താന്നിപ്പള്ളിച്ചിറ വീട്ടില്‍ ഇത് ആഹ്‌ളാദത്തിന്റെ നിമിഷമാണ്.ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ പഠനം നടത്തിയ ഗോപിദാസ് മലയാളത്തിന് എ പ്‌ളസ് നേട്ടവും സ്വന്തമാക്കി. പൊളിറ്റിക്‌സിനും സോഷ്യോളജിക്കും ബി ഗ്രേഡുണ്ട്. അഞ്ചാംക്ലാസില്‍ പഠനം മുടങ്ങിയ ഗോപിദാസ് സാക്ഷരതാമിഷന്‍ വഴിയാണ് തുടര്‍പഠനം നടത്തിയത്.
അമ്മയുടെ ആഗ്രഹം നിറവേറ്റാനാണ് താന്‍ തുല്യതാപഠനത്തിന് ചേര്‍ന്നതെന്ന് അദ്ദേഹം പറയുന്നു. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് സാക്ഷരതാമിഷന്‍ ആരംഭിക്കുന്ന ബിരുദ കോഴ്‌സിലേക്ക് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.അമ്പലപ്പുഴ കെ.കെ കുഞ്ചുപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഞായാറാഴ്ചകളില്‍ നടക്കുന്ന തുല്യതയുടെ സമ്പര്‍ക്ക പഠന ക്ലാസില്‍ ഗോപിദാസ് സ്ഥിരം വിദ്യാര്‍ത്ഥിയായിരുന്നു.
Age defeated Gopidas’ studies: Brilliant victory in higher secondary at the age of eighty