പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മതാതീത ആരാധനയാണ് ശബരിമലയിലെത് എന്നും ശബരിമലയെ ശക്തിപ്പെടുത്തേണ്ടത് ഉണ്ടെന്ന് മുഖ്യമന്ത്രി സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
ശബരിമല വേര്‍തിരിവുകള്‍ക്കും ഭേദചിന്തകള്‍ക്കും അതീതമായ, മതാതീത ആത്മീയതയെ ഉല്‍ഘോഷിക്കുന്ന, എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ്. ആ നിലയ്ക്കു തന്നെ ഈ ആരാധനാലയത്തെ നമുക്കു ശക്തിപ്പെടുത്തേണ്ടതുണ്ട്.
അയ്യപ്പഭക്തന്മാര്‍ ഇന്ന് ലോകത്തെമ്പാടുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ മഹാസംഗമത്തിന് ഒരു ആഗോളസ്വഭാവം കൈവരുന്നത്. നേരത്തെ കേരളത്തില്‍ നിന്നുമാത്രമുള്ള തീര്‍ത്ഥാടകരായിരുന്നു ശബരിമലയില്‍ എത്തിക്കൊണ്ടിരുന്നത്. അയല്‍സംസ്ഥാനക്കാരും. പിന്നീടു പിന്നീട് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി തീര്‍ത്ഥാടകപ്രവാഹം. ക്ഷേത്രത്തിന്റെ സാര്‍വലൗകിക സ്വഭാവം മുന്‍നിര്‍ത്തിയാവണം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഇന്ന് ശബരിമലയിലേക്ക് ആളുകള്‍ എത്തുന്നുണ്ട്.
ശബരിമലയുടെ മതാതീത ആത്മീയത ഒരു അത്യപൂര്‍വതയാണ്. ഇതു ലോകത്തിനുമുന്നില്‍ കൊണ്ടുവരിക എന്നതു പ്രധാനമാണ്. അങ്ങനെ, രാജ്യാന്തരങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ കഴിയണം. അതിനുതകുന്ന വിധത്തില്‍ ശബരിമലയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ആകര്‍ഷകമാക്കുകയും വേണം. മധുരയുടെയും തിരുപ്പതിയുടെയുമൊക്കെ മാതൃകയില്‍ ശബരിമലയെയും തീര്‍ത്ഥാടക ഭൂപടത്തില്‍ ശ്രദ്ധേയ കേന്ദ്രമാക്കി ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കുക എന്നതും ഈ അയ്യപ്പസംഗമത്തിന്റെ ലക്ഷ്യമാണ്. ശബരിമലയുടെ സ്വീകാര്യത കൂടുതല്‍ സാര്‍വത്രികമാക്കുക, അവിടുത്തെ വികസന പദ്ധതികള്‍ പരിസ്ഥിതിക്ക് പരിക്കേല്‍ക്കാത്ത വിധം മുമ്പോട്ടു കൊണ്ടുപോവുക, തീര്‍ത്ഥാടനം കൂടുതല്‍ ആയാസരഹിതമാക്കുക തുടങ്ങിയവയാണ് ഈ സംഗമത്തിന്റെ ഉദ്ദേശം. ഇതൊക്കെ എങ്ങനെ സാധ്യമാക്കണം എന്നതു സംബന്ധിച്ച നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അങ്ങേയറ്റത്തെ പ്രാധാന്യം നല്‍കി ദേവസ്വം ബോര്‍ഡും സര്‍ക്കാരും മുമ്പോട്ടുപോകും. എന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ മേഖലയിൽ നിന്നുള്ളവരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ദേവസ്വം മന്ത്രി വാസവൻ അടക്കം വേദിയിൽ ഉണ്ട്. ശബരിമല തന്ത്രിയാണ് ചടങ്ങിന് തിരിതെളിച്ചത്. 11.40നു സെഷനുകൾ ആരംഭിക്കും. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് ജയകുമാര്‍ ഐഎഎസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയാണ് ആദ്യത്തേത്. മൂവായിരത്തിലധികം ആളുകൾ ഇന്ന് സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനം പ്രധാന ചർച്ചയാകും. 1,300 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പദ്ധതികൾ ശബരിമല വികസനത്തിനായി അവതരിപ്പിക്കും.
കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിരിക്കുന്നത്.
അയ്യപ്പ സംഗമത്തിനായുള്ള ക്ഷണം തമിഴ്നാട് സർക്കാർ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് തമിഴ്നാട് ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങൾ പിൻവാങ്ങിയതിന് പിന്നിൽ ചില താൽപര്യങ്ങൾ ഉണ്ടെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറയുന്നത്. കേരളത്തിലെ പ്രതിപക്ഷവും ബി ജെ പിയും അയ്യപ്പ സംഗമം ബഹിഷ്കരിച്ചിട്ടുണ്ട്. ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുമെന്നാണ് ദേവസ്വം മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടത്.