ഡൽഹി: വോട്ട് ക്രമക്കേടിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ തെളിവുകൾ നിരത്തി ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിലവിലെ തെളിവുകളനുസരിച്ച് കർണാടകയിലെ അലന്ദ മണ്ഡലത്തിൽ മാത്രം 6018 വോട്ടുകളാണ് വെട്ടിമാറ്റിയത്. മഹാരാഷ്ട്ര, ഹരിയാന യുപി എന്നിവിടങ്ങളിലും സമാന രീതിയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് സാധാരക്കാരുടെ വോട്ടുകളാണ് വെട്ടിനീക്കിയത്. പ്രതിപക്ഷ പാർട്ടികളേയും ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വച്ചാണ് ക്രമക്കേട് നടന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
വ്യാജ ലോഗിൻ, ഒടിപി
കേന്ദ്രീകൃത സംവിധാനം തന്നെ ക്രമക്കേടിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് വോട്ടുകൾ ഡിലീറ്റ് ചെയ്തിരിക്കുന്നത്. വ്യാജ ലോഗിൻ, ഒടിപി, എന്നിവ ഉപയോഗിച്ചാണ് വോട്ടർ പട്ടികയിൽ നിന്ന് വോട്ടുകൾ നീക്കം ചെയ്തിരിക്കുന്നത്. ഒരേ നമ്പർ ഉപയോഗിച്ച് 12 പേരുടെ വോട്ടുകൾ തന്നെ മാറ്റിയതിന് തെളിവുകളുണ്ട്. വോട്ട് വെട്ടിയതിനു പുറമെ നിരവധി വ്യാജ വോട്ടുകൾ ചേർക്കുകയും ചെയ്തിരിക്കുന്നു.
മുഖ്യ തെര. കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ അറിവോടെ
ക്രമക്കേട് മുഖ്യ തെര. കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ അറിവോടെയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ആരാണ് തിരിമറി നടത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അറിയാം. അവരുടെ സംരക്ഷണയിലാണ് ക്രമക്കേട് നടക്കുന്നത്. വോട്ട് വെട്ടലുമായി ബന്ധപ്പെട്ട് സിഐഡി അന്വേഷണം ആരംഭിക്കുകയും, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്തിരുന്നു.
2023 ഫെബ്രുവരിയിലാണ് സിഐഡി കേസ് രജിസ്റ്റർ ചെയ്തത്. 2023 മാർച്ചിൽ തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണ സംഘം കത്ത് നൽകി. 2023 ഓഗസ്റ്റിൽ കുറച്ച് വിവരങ്ങൾ മാത്രം തെരഞ്ഞെടുപ്പ് കമ്മീഷൻ കൈമാറി. 2024 ജനുവരിയിൽ മുഴുവൻ വിവരങ്ങൾ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. 2025 സെപ്റ്റംബർ വരെയും CID സംഘം കത്ത് നൽകിയെങ്കിലും പൂർണ വിവരങ്ങൾ ഇനിയും കൈമാറിയിട്ടില്ല.
ആലാന്ദ് മണ്ഡലത്തിൽ 6,018 വോട്ടുകൾ വോട്ട് പട്ടികയിൽ നിന്ന് നീക്കം ചെയ്തു
കർണാടകയിലെ ആലാന്ദ് മണ്ഡലത്തിൽ 6,018 വോട്ടുകൾ വോട്ട് പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ‘വോട്ട് മോഷണ’ത്തിന് പിന്നിൽ ചില ശക്തികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യനേഷ് കുമാർ വോട്ട് ചോർച്ചക്ക് കൂട്ടുനിൽക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
“കർണാടകയിലെ ആലാന്ദ് മണ്ഡലത്തിൽനടന്ന ചോർച്ച രാഹുൽ വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു. ഇവിടെ 6,018 വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം നടന്നു. 2023-ലെ തിരഞ്ഞെടുപ്പിൽ ആലാന്ദിൽ എത്ര വോട്ടുകൾ നീക്കം ചെയ്തു എന്ന് കൃത്യമായി അറിയില്ല. 6,018-നേക്കാൾ കൂടുതലായിരിക്കും അത്. എന്നാൽ, ഈ 6,018 വോട്ടുകൾ നീക്കം ചെയ്തത് യാദൃച്ഛികമായി പിടിക്കപ്പെടുകയായിരുന്നു,” രാഹുൽ ഗാന്ധി പറഞ്ഞു.സംഭവം വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “അവിടെയുള്ള ഒരു ബൂത്ത് ലെവൽ ഓഫീസർ, തന്റെ അമ്മാവൻ്റെ വോട്ട് ഡിലീറ്റ് ചെയ്തതായി ശ്രദ്ധിച്ചു. തുടർന്ന് ആരാണ് വോട്ട് നീക്കം ചെയ്തതെന്ന് അവർ പരിശോധിച്ചപ്പോൾ അത് അവരുടെ അയൽക്കാരനാണ് എന്ന് കണ്ടെത്തി. എന്നാൽ, താൻ വോട്ട് ഡിലീറ്റ് ചെയ്തിട്ടില്ലെന്ന് അയൽക്കാരൻ പറഞ്ഞു. വോട്ട് ഡിലീറ്റ് ചെയ്തയാൾക്കോ വോട്ട് നഷ്ടപ്പെട്ടയാൾക്കോ ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. മറ്റേതോ ശക്തികൾ ഈ പ്രക്രിയയെ ഹൈജാക്ക് ചെയ്ത് വോട്ട് നീക്കം ചെയ്യുകയായിരുന്നു.” എന്ന് രാഹുൽ പറഞ്ഞു.