രാഹുൽ മാങ്കൂട്ടത്തിൽ; ആരോപണങ്ങൾ, രാഷ്ട്രീയം: യാഥാർത്ഥ്യ ബോധത്തോടെ ചില ചിന്തകൾ

രാഹുൽ മാങ്കൂട്ടത്തിൽ; ആരോപണങ്ങൾ, രാഷ്ട്രീയം: യാഥാർത്ഥ്യ ബോധത്തോടെ ചില ചിന്തകൾ

ബ്ലെസ്സൺ ഹ്യൂസ്റ്റൻ

മുൻ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കുട്ടത്തിൽ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയാണോ? ആണ് എന്ന് ഗോവിന്ദനും കൂട്ടരും പറയും. അതുകൊണ്ടല്ലേ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് സുധാകരനും മുഖ്യമന്ത്രി കസേരയുടെ ഒരു കാലിൽ പിടിമുറുക്കി നിൽക്കുന്ന വി.ഡി. സതീശനും മറ്റേ കാലിൽ പിടിമുറുക്കിയിരിക്കുന്ന രമേശ് ചെന്നിത്തലയും പറയും. അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും, ലക്ഷണമൊത്ത ഇരയെ കിട്ടിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറയും.

അപ്പോൾ രാഹുൽ മാങ്കുത്തത്തിൽ പ്രതിയല്ലേ? ഇപ്പോൾ പറയാൻ കഴിയില്ല, കാരണം ആരും ഒരു പോലീസ് സ്റ്റേഷനിലും പരാതി കൊടുത്തിട്ടില്ല. പരാതി കൊടുത്താൽ മാത്രമേ പ്രതിയാക്കാൻ കഴിയൂ. പരാതിക്കാരിയെ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സിപിഎമ്മും പോലീസും. ആ പ്രതീക്ഷയിലാണ് സതീശൻ അങ്കിളും ചെന്നിത്തല കൊച്ചാട്ടനും സുധാകരൻ ചേട്ടനും. ഇല്ലെങ്കിൽ രാഹുലിനേക്കാൾ കൂടുതൽ പ്രതിരോധത്തിലാകുന്നത് തങ്ങളായിരിക്കുമെന്ന് അവർക്കറിയാം. അങ്ങനെ ലോകചരിത്രത്തിൽ ആദ്യമായി ഒരാൾ ഒരു പോലീസ് കേസിലും പ്രതിയാകാതെ പ്രതിക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹനായി.

ഇനി രാഹുൽ മാങ്കുത്തത്തിനെതിരെ ആരോപണം ഉന്നയിച്ച ‘സിനിമ നടി’യെക്കുറിച്ച് പറയാം. അവർ ഏത് സിനിമയിലാണ് അഭിനയിച്ചതെന്ന് ജനം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവർ അഭിനയിക്കുകയും, സ്വയം പുറത്തിറക്കുകയും, അവർ മാത്രമിരുന്ന് കാണുകയും ചെയ്ത ഒരു സിനിമയാണ് അവരെ നടിയാക്കിയത്.

ഒരു യൂണിവേഴ്സിറ്റിയിൽ ഒരു ഡിഗ്രിക്ക് ഒരാൾ മാത്രമിരുന്ന് പഠിച്ച് ഡിഗ്രി നേടിയപ്പോൾ, കൂടെ പഠിച്ചവരോ പഠിപ്പിച്ചവരോ ആരെന്ന് ഇന്നും കോടതിക്ക് പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് കോടതി അത് രഹസ്യമാക്കിയതത്രെ. എന്നാൽ സർട്ടിഫിക്കറ്റ് ഉണ്ട്. ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റിനെക്കുറിച്ച് ചിന്തിക്കുന്നതിനു മുൻപ് വർഷങ്ങൾക്കു മുൻപ് മൈക്രോസോഫ്റ്റിൽകൂടി എഴുതിയത്. അങ്ങനെയുള്ള നാട്ടിൽ, സ്വയം അഭിനയിച്ച്, സ്വയം പുറത്തിറക്കി, സ്വയം മാത്രം കണ്ട സിനിമയെക്കുറിച്ച് പറഞ്ഞാലും അതിൽ തെറ്റില്ല. ഞാൻ സിനിമാ നടിയായി എന്ന് പറയുന്നതിൽ തെറ്റില്ല. കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ ദിലീപ് ‘ഞാൻ’ എന്ന് വിളിക്കുന്നത് വിമൽ കുമാർ എന്നാണെന്ന് പറയുന്നതുപോലെയാണിത്.

അതവിടെ നിൽക്കട്ടെ. ഈ നടിയെക്കൊണ്ട് പറയിപ്പിച്ചതാണോ അവർ രാഹുലിനെതിരെ ആരോപണം ഉന്നയിച്ചത്? ‘അല്ല, അല്ല, അല്ല, എനിക്ക് അങ്ങനെയൊന്നും ഒരു അനുഭവങ്ങൾ ഉണ്ടായിട്ടില്ല’. പിന്നെ എന്തിനാണ് നിങ്ങൾ അയാൾക്കെതിരെ ആരോപണം ഉന്നയിച്ചത്? ‘എന്നോട് പലരും പറഞ്ഞു.’ അവരുടെ പേര് വെളിപ്പെടുത്താമോ? ‘അതിന് എനിക്ക് അവരുടെ പേര് അറിയേണ്ടേ ചേട്ടാ.’ നേതാവ് കണ്ണിറുക്കി ചിരിക്കുന്നത് പോലെ ഒരു ചിരി മാത്രം. ‘മകളേ, നിങ്ങൾ ആരോപണം ഉന്നയിച്ചതുകൊണ്ടാണ് നടപടി എടുത്തത്’ എന്ന് സതീശൻ അങ്കിൾ പറഞ്ഞുവല്ലോ. വീണ്ടും ചിരി. അപ്പോൾ തന്നെ ഒരു നടപടിയും എടുത്തില്ലെങ്കിലും തനിക്കറിയാവുന്ന ആരെയൊക്കെയോ രാഹുൽ പീഡിപ്പിച്ചു. അങ്ങനെ രാഹുൽ മാങ്കുത്തത്തിൽ പീഡകനായി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ രാഹുൽ മാങ്കുത്തത്തിനെ പീഡകനാക്കി. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന തോപ്പിൽ ഭാസിയുടെ നാടകം പോലെ. ഇത് എല്ലാവരും ചേർന്നുള്ള നാടകമാണെന്നാണ് ജനം പറയുന്നത്.

പീഡന ആരോപണം തന്റെ മണ്ഡലത്തിലെ ആളായതുകൊണ്ടാണ് സതീശൻ അങ്കിൾ തലയിൽ എണ്ണ തേച്ച് രാഹുലിനെ തേച്ചൊട്ടിക്കാൻ മുൻകൈയെടുത്തത്. കാരണം, തന്റെ മണ്ഡലത്തിലെ ഒരു വ്യക്തി ആരോപണം ഉന്നയിച്ചിട്ട് നടപടിയെടുത്തില്ലെങ്കിൽ നാളെ ജനം തന്നെ കുറ്റപ്പെടുത്തിയാലോ? അതുവഴി തന്റെ പരാജയത്തിന് കാരണമായാലോ? അതുവഴി താൻ പിടിച്ചിരിക്കുന്ന മുഖ്യമന്ത്രി കസേരയുടെ കാൽ കൈവിട്ടുപോയാലോ? അതാണ് സതീശൻ അങ്കിളിന്റെ വടക്കൻ കാരണം. അദ്ദേഹത്തെ കുറ്റം പറയാൻ കഴിയില്ല.

അപ്പോൾ നിങ്ങൾ ചോദിക്കും, വെറും ഒരു എംഎൽഎ മാത്രമായ ചെന്നിത്തല കൊച്ചാട്ടൻ എന്തിനാണ് ഇത്ര ആവേശമെടുത്തതെന്ന്. സതീശൻ പിടിച്ചിരിക്കുന്ന കസേരക്കാലിൽ കൊച്ചാട്ടനും പിടിമുറുക്കിയിട്ടുണ്ടല്ലോ. ആ പിടി ഉറപ്പിക്കാനായിരുന്നല്ലോ പെരുന്നയിൽ വരെ പോയത്. സതീശന് ആ ക്രെഡിറ്റ് കൊടുക്കേണ്ട എന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ഇപ്പോൾ ഏകദേശം പിടി കിട്ടിയല്ലോ. സുധാകരൻ ചേട്ടൻ നടപടിയെടുത്തത് എന്തിനാണെന്ന് ചോദിച്ചാൽ, ആ സ്ഥാനത്തിരുത്തിയവരോടുള്ള നന്ദി.

മഴ കാത്തിരുന്ന വേഴാമ്പലിനെപ്പോലെയായിരുന്നു സിപിഎമ്മും അവരുടെ സർക്കാരും. ആരോപണങ്ങളുടെ മേൽ ആരോപണങ്ങളുമായി പിണഞ്ഞുകിടക്കുന്ന പിണറായി സർക്കാരിന് ഇതൊരു പിടിവള്ളിയായി. പിണറായി സർക്കാരിനെ പൊറോട്ട അടിക്കുന്നതുപോലെ എടുത്തിട്ടടിച്ച രാഹുലിനെ കുടുക്കാൻ ഇതിനേക്കാൾ മറ്റൊരു അവസരമില്ലെന്ന് മനസ്സിലാക്കിയ പിണറായി സർക്കാർ ഇത് ഉപയോഗിച്ചു. ‘ഒരുതരം ആവേശമായിരുന്നെ’ന്ന് മിഥുനം എന്ന സിനിമയിൽ ഇന്നസെന്റ് ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് പറയുന്നതുപോലെ. ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാൻ കണ്ടതുപോലെയായിരുന്നു.

തങ്ങളുടെ കൈവശമിരിക്കുന്ന ഉണ്ണാക്കൻ ഏമാൻമാരെയെല്ലാം ഇറക്കി രാഹുലിനെതിരെ തുമ്പുണ്ടാക്കാൻ ഇറക്കിയെങ്കിലും, അവരാരൊക്കെയാണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ലക്ഷണമൊത്ത ആരോപകരെ കണ്ടെത്താൻ ചന്ദ്രനിൽ വരെ പോയെങ്കിലും ആരെയും കണ്ടെത്തിയില്ല. മഷിയിട്ട് നോക്കിയിട്ടുപോലും കണ്ടുപിടിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഒടുവിൽ, നിരാശ കുടപ്പിറപ്പായ പോലീസിന് മറ്റൊരു നിരാശ കൂടിയായി. ഒരു തലയ്ക്ക് ഒരു കോടി രൂപ വരെ ഓഫർ ഉണ്ടായിട്ടും ആരും വരാത്തതുകൊണ്ട് സിപിഎമ്മും പിണറായി സർക്കാരും എലിപ്പത്തായത്തിൽ എലി വീണതുപോലെയായി.

അങ്ങനെ, ഏതോ വിളിക്ക് വിളി കേട്ടുപോയ സിപിഎമ്മിനും പിണറായി സർക്കാരിനും വട്ടായ അവസ്ഥയാണിന്ന്. മലയാളിയെ കിട്ടിയില്ലെങ്കിൽ ബംഗാളിയെ കണ്ടെത്താനാണ് ഇപ്പോൾ സർക്കാരും പോലീസും തീരുമാനിച്ചിരിക്കുന്നത്. ഒരു നേരത്തെ ബിരിയാണിയും 500 രൂപയും കൊടുത്താൽ അവരെ കിട്ടാൻ പ്രയാസമില്ല. ഇവിടെയെത്തിയിരിക്കുന്ന ബംഗാളികളെല്ലാം സിപിഎം പ്രവർത്തകരോ അനുയായികളോ ആയതുകൊണ്ട് കൂറുമാറുമോ എന്ന് ഭയക്കേണ്ട. എങ്ങനെയായാലും രാഹുൽ മാങ്കുത്തത്തിനെ അകത്തിട്ടിട്ട് ജനങ്ങളോട് പറയാം, പിണറായി വിജയൻ ഇരട്ടച്ചങ്കന്റെ ഇരട്ടച്ചങ്കനാണെന്ന്.

എതിർ പാർട്ടിയിലെ കൊള്ളാവുന്ന ചെറുപ്പക്കാരെ സ്ത്രീ വിഷയത്തിൽപ്പെടുത്തി നാറ്റിച്ചാൽ നമ്മുടെ പാർട്ടിക്ക് അധികാരം കിട്ടുമെന്ന് സന്ദേശം സിനിമയിൽ ശങ്കരാടിയുടെ ഡയലോഗിനെ ഇത്രമാത്രം ശരിവെക്കുന്ന ഒരു സംഭവം വേറെയില്ല. തുടർഭരണം കിട്ടാനും തനിക്കെതിരെ വരുന്ന ആരോപണങ്ങൾ ഇല്ലാതാക്കാനും സിപിഎമ്മിന്റെ ഏറ്റവും വലിയ മരുന്നാണ് പെൺവിഷയം. ലോകം പിടിക്കാൻ കാറൽ മാർക്സ് മൂലധനം എഴുതി വെറുതെ സമയം കളഞ്ഞു. ഒരു പെണ്ണിനെ ഇറക്കിയാൽ ഏത് അധികാരവും പിടിച്ചെടുക്കാനും ഏത് മാന്യനെയും നാറ്റിക്കാമെന്നും കേരളത്തിലെ ആധുനിക മാർക്സിസ്റ്റുകൾ കണ്ടെത്തിയിരിക്കുന്നു.

Allegations, Politics: Some Thoughts with a Sense of Reality

Share Email
Top