T.A. ചാലിയാർ
ഷാജി എണ്ണശ്ശേരിൽ രചനയും സംവിധാനവും നിർവഹിച്ച ‘അമേരിക്കൻ അച്ചായന്റെ സ്നേഹസ്പർശം’ എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ ഉടൻ പ്രദർശനത്തിനെത്തും. പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു പ്രവാസിയുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മുപ്പത് വർഷത്തിലേറെ വിദേശത്ത് ജോലി ചെയ്ത്, തന്റെ സ്വപ്‌നങ്ങൾ നാട്ടിലെ സുഹൃത്തുക്കളുമായി പങ്കിടാൻ തിരിച്ചെത്തുന്ന ഒരു പ്രവാസിയുടെ കഥയാണിത്. ജന്മനാട്ടിൽ നന്മ ചെയ്യാനും സുഹൃത്തുക്കളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനും ആഗ്രഹിക്കുന്ന അയാളുടെ ശ്രമങ്ങളാണ് ചിത്രം പറയുന്നത്. പുതിയ വൃദ്ധസദനങ്ങളും ആശുപത്രികളും നിർമ്മിക്കാൻ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതെ, നിരാശനായി വീണ്ടും വിദേശത്തേക്ക് മടങ്ങേണ്ടിവരുന്ന അയാളുടെ ജീവിതം പ്രേക്ഷകരെ സ്പർശിക്കും.
ഷാജി എണ്ണശ്ശേരിൽ സംവിധാനം ചെയ്യുന്ന പതിനാലാമത്തെ ഹ്രസ്വചിത്രമാണിത്. കഴിഞ്ഞ അഞ്ചാറ് വർഷത്തെ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ഹ്രസ്വചിത്രങ്ങൾ. സംവിധാനം, തിരക്കഥ, അഭിനയം തുടങ്ങിയ മേഖലകളിൽ അദ്ദേഹം തന്റെ കഴിവ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. കേരളത്തിലും ഗൾഫിലുമായി ചിത്രീകരിച്ച ഈ ഹ്രസ്വചിത്രം പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിർമ്മാണം: പീച്ചി മത്തായി. ഛായാഗ്രഹണം: ഹരിതേജസ്. അഭിനേതാക്കൾ: മധു അയ്യംപറമ്പിൽ, പീച്ചി മത്തായി, സുധീപ് ആലയിൽ, മിനി വാരിജം, മിനി അശോക്, ദേരീന ബെന്നി, ജയപ്രകാശ്, ഷാജി എണ്ണശ്ശേരിൽ, ഷാൻസി പ്രവീണ, ജയശ്രീ രതീഷ്, ഹരിതേജസ്, ഹൃദയ.