യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവ (tariff) കാരണം ആന്ധ്രാപ്രദേശ് വലിയ സാമ്പത്തിക ആഘാതം നേരിടുകയാണ്. സംസ്ഥാനത്തിന്റെ പ്രധാന കയറ്റുമതി മേഖലയായ ചെമ്മീൻ വ്യവസായത്തിലാണ് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത്. 25,000 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടായതെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. മൊത്തം ഓർഡറുകളുടെ 50 ശതമാനത്തോളം റദ്ദാക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ കേന്ദ്രത്തിന്റെ ഇടപെടലും സഹായവും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര മന്ത്രിമാരായ നിർമലാ സീതാരാമനും പീയുഷ് ഗോയലിനും അദ്ദേഹം കത്തയച്ചു. കയറ്റുമതി ചെയ്യുന്ന 2,000 കണ്ടെയ്നറുകളിൽ ഏകദേശം 600 കോടി രൂപ അധിക നികുതിയായി നൽകേണ്ടിവരുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
ഇന്ത്യയിലെ ചെമ്മീൻ കയറ്റുമതിയുടെ 80 ശതമാനവും സമുദ്രോത്പന്ന കയറ്റുമതിയുടെ 34 ശതമാനവും ആന്ധ്രാപ്രദേശ് വഴിയാണ്. പ്രതിവർഷം ഏകദേശം 21,246 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാനത്തിന് ഈ മേഖലയിൽനിന്ന് ലഭിക്കുന്നത്. ഏകദേശം 2.5 ലക്ഷം തൊഴിലാളി കുടുംബങ്ങൾ നേരിട്ട് ഈ മേഖലയുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ, 30 ലക്ഷത്തോളം ആളുകൾ അനുബന്ധ മേഖലകളിൽ തൊഴിലെടുക്കുന്നു.
യുഎസ് തീരുവ പ്രശ്നങ്ങൾ മൂലമുള്ള ആഘാതം കുറയ്ക്കുന്നതിനായി സംസ്ഥാന സർക്കാർ ഇതിനകം തന്നെ ആശ്വാസ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
Andhra Suffers ₹25,000 Crore Loss from U.S. Tariffs; Shrimp Exports in Crisis, Says Chandrababu Naidu